ജമ്മുകാശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചതടക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറാകണമെന്ന് കോൺഗ്രസ്

ജമ്മുകാശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചതടക്കം കാശ്മീർ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തയ്യാറാകണമെന്ന് കോൺഗ്രസ്. കാശ്മീരിൽ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ഇത്തരം നീക്കങ്ങൾ അപലപനീയമാണെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. അമർനാഥ് തീർത്ഥാടകരും വിദ്യാർത്ഥികളുമുൾപ്പെടെ നിരവധിയാളുകൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.
കാശ്മീരിൽ ഇത്രയും വലിയ പ്രതിസന്ധി എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ വിളിച്ച് കാശ്മീർ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറാകണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. അമർനാഥ് തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചതായുള്ള വിവരത്തെ തുടർന്ന് അമർനാഥ് തീർത്ഥാടകരോട് എത്രയും വേഗം കാശ്മീരിൽ നിന്നും മടങ്ങാൻ ആഭ്യന്തരമന്ത്രാലയം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പതിനായിരത്തിലധികം സൈനികരെ കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുകാശ്മീരിലെ വിവിധ ജില്ലകളിലായി വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണ സാധ്യത മുൻനിർത്തി സൈന്യം കനത്ത സുരക്ഷയാണ് ജമ്മുകാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here