മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വേണ്ടി വ്യത്യസ്ത പ്രചാരണവുമായി കണ്ണൂര്‍ സ്വദേശിനി ആതിര രാധന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വേണ്ടി വ്യത്യസ്ത പ്രചാരണവുമായി കണ്ണൂര്‍ സ്വദേശിനിയായ ആതിര രാധന്‍. അഞ്ഞൂറ് രൂപയെങ്കിലും സംഭാവന ചെയ്യുന്നവര്‍ക്ക് ബുക്ക് മാര്‍ക്ക് കാര്‍ഡുകള്‍ വരച്ചുണ്ടാക്കി നല്‍കുകയാണ് ആതിര. ഇരുപത്തിയയ്യായിരം രൂപയിലധികം ഇതു വഴി ദുരിതാശ്വാസ നിധിയിലെത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് കണ്ണൂര്‍ കണ്ണപുരം സ്വദേശി ആതിര രാധന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. 500 രൂപയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താല്‍ ഒരു സെറ്റ് ഹാന്‍ഡ്‌മെയ്ഡ് ബുക്ക് മാര്‍ക്ക് അയച്ചു തരാമെന്ന്. സംഭാവന നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടും മേല്‍വിലാസവും അയച്ചു കൊടുത്താല്‍ മാത്രം മതി. നല്ല ഭംഗിയില്‍ വരച്ചുണ്ടാക്കിയ ബുക്ക് മാര്‍ക്കുകള്‍ വീട്ടിലെത്തും. ഓഗസ്റ്റ് 12ആം തിയ്യതി ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെയായിരുന്നു ആതിര നിശ്ചയിച്ച സമയം. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു ആളുകളുടെ പ്രതികരണം. നൂറു കണക്കിന് സ്‌ക്രീന്‍ ഷോട്ടുകളാണ് വന്നത്. ബുക്ക് മാര്‍ക്ക് ചലഞ്ചിലൂടെ 25,000 രൂപയിലധികം ഇതു വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കഴിഞ്ഞു.
ഏറെ നേരത്തെ അധ്വാനമുണ്ട് ബുക്ക് മാര്‍ക്കുകള്‍ ഉണ്ടാക്കാന്‍. വ്യത്യസ്തമായ രീതിയില്‍ വരച്ച് നിറം കൊടുത്ത് വേണം ഓരോന്നും ആകര്‍ഷകമാക്കാന്‍. നിശ്ചയിച്ച സമയപരിധി കഴിഞ്ഞും സംഭാവനകള്‍ വരാന്‍ തുടങ്ങിയതോടെ എല്ലാവര്‍ക്കും ബുക്ക് മാര്‍ക്കുകളുണ്ടാക്കി എത്തിക്കാനുള്ള ശ്രമത്തിലാണ് ആതിര.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here