തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരെ നടന്നത് ഗൂഢാലോചന; അന്വേഷണം വേണമെന്ന് ബിഡിജെഎസ്

ബിഡിജെഎസ് അദ്ധ്യക്ഷനും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയെ വിദേശത്ത് ചെക്ക് കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍.

14 വര്‍ഷം മുമ്പുള്ള ഇടപാടുകളുടെ പേരിലാണ് ചെക്ക് കേസും അറസ്റ്റുമുണ്ടായത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പരാതിക്കാരനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിട്ട് തന്നെ പത്ത് വര്‍ഷത്തിലേറെയായി.

പരാതിക്കാരന്റെ കേരളത്തിലെയും വിദേശത്തെയും ബന്ധങ്ങളെയും ഇടപാടുകളെയും കുറിച്ച് അന്വേഷണം വേണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ബിഡിജെഎസ് ആവശ്യപ്പെടും. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും സംശയിക്കുന്നുണ്ട്.

നാട്ടിലും വിദേശ രാജ്യങ്ങളിലും വിവിധ ബിസിനസുകളില്‍ പങ്കാളിത്തമുള്ള തുഷാര്‍ മുമ്പ് ഇത്തരം ഒരു കേസുകളിലും ഉള്‍പ്പെട്ടിട്ടില്ല. യാതൊരുവിധ സാമ്പത്തിക ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടുമില്ല. സംശുദ്ധമായ രാഷ്ട്രീയ പശ്ചാത്തലമുള്ള തുഷാറിനെ കെണിയില്‍പ്പെടുത്താന്‍ ശ്രമിച്ചവരുടെ ലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. പാര്‍ട്ടി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ഏതു നീക്കത്തെയും ചെറുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളിക്ക് സംസ്ഥാന കൗണ്‍സില്‍ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. കേസിനെ നിയമപരമായും സംഘടനാപരമായും നേരിടുമെന്നും പ്രസ്താവനയില്‍ പറയുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top