ഇന്നത്തെ പ്രധാന വാർത്തകൾ
അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്
അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു. പത്തൊൻപത് ലക്ഷത്തിലധികം പേർ പട്ടികയ്ക്ക് പുറത്താണ്. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ രജിസ്റ്ററിൽ ഉൾപ്പെട്ടു. പട്ടികയ്ക്ക് പുറത്തുപോയവർക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. 120 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.
പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും
പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. ചിഹ്നത്തിന്റെ കാര്യത്തിലടക്കം ശുഭകരമായ വാർത്തയുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നാളെ ഉച്ചയോടെ അന്തിമ തീരുമാനത്തിൽ എത്താനാകുമെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷ. പാർട്ടി തീരുമാനത്തിന് ശേഷം വൈകീട്ടോടെ യുഡിഎഫ് നേതൃത്വവുമായി ചേർന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലേർട്ട്
ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്ത് ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്.
സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി പൊലീസിന്റെ തീരുമാനം
സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി പൊലീസിന്റെ തീരുമാനം. തരൂരിനെതിരെ കൊലക്കുറ്റം ചുമത്താൻ അനുവദിക്കണമെന്ന് ഇന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. തരൂർ മാരകമായി സുനന്ദ പുഷ്‌ക്കറിനെ തുടർച്ചയായി മർദിച്ചിരുന്നതിന് തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍
പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിച്ചാല്‍ പത്തിരട്ടി തുകയാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനു 25,000 രൂപ പിഴയും 3 വര്‍ഷം തടവുമാണ് ശിക്ഷ. കൂടാതെ വാഹനത്തിന്റ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദക്കും. വാഹനം ഓടിച്ചവ്യക്തിക്ക് 18 വയസിനുപകരം 25 വയസില്‍ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാനും അനുമതി ഉള്ളു.
ധവാൻ തിരുവനന്തപുരത്ത്; അവസാന രണ്ട് മത്സരങ്ങളിൽ പാഡണിയും
ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും. മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡിൽ നടക്കുന്ന മത്സരങ്ങളിൽ ധവാൻ്റെ കളി നേരിട്ടു കാണാനുള്ള അവസരമാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here