വിൻഡീസിനെതിരെ അനായാസ ജയം; പര്യടനം തൂത്തുവാരി ഇന്ത്യ

വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ അനായാസ ജയവുമായി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര. 257 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 468 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 210 റണ്‍സിന് എല്ലാവരും പുറത്തായി. 50 റണ്‍സെടുത്ത ഷാമര്‍ ബ്രൂക്ക്‌സാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റും ബുംറ ഒരു വിക്കറ്റുമെടുത്തു.
Read Also: ‘ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം’; ബുംറയെ പുകഴ്ത്തി ഇയാൻ ബിഷപ്പ്
45/2 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റ് ഇൻഡീസ് 98/4 എന്ന നിലയിൽ തകർന്നു. റോസ്റ്റൺ ചേസിനെ (12) ജഡേജയും ഷിംറോൺ ഹെട്‌മയറിനെ (1) ഇഷാന്തും പുറത്താക്കിയതോടെ വിൻഡീസ് വലിയ തകർച്ച മുന്നിൽ കണ്ടു. ഇതിനിടെ ഡാരന്‍ ബ്രാവോ, ബുമ്രയുടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട് പരിക്കേറ്റു മടങ്ങിയിരുന്നു. ബ്രാവോയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് അഞ്ചാം വിക്കറ്റിൽ ഷമാർ ബ്രൂക്സുമായിച്ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമം നടത്തി. 61 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷം ബ്ലാക്ക്‌വുഡ് (38) ബുംറയ്ക്കു മുന്നിൽ വീണു. അർദ്ധസെഞ്ചുറി കുറിച്ച ഉടൻ ഷമാർ ബ്രൂക്സ് (50) കോലിയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി.
Read Also: വെസ്റ്റ് ഇൻഡീസ് 117നു പുറത്ത്; വീണ്ടും ബാറ്റ് ചെയ്യാനിറങ്ങി ഇന്ത്യ
ജേസൻ ഹോൾഡർ (39) ജഡേജയ്ക്ക് മുന്നിൽ വീണതോടെ വിൻഡീസ് വാലറ്റം ചീട്ടുകൊട്ടാരം പോലെ തകർന്നു. ജഹ്മർ ഹാമിൽട്ടൺ (0), റഖീം കോൺവാൽ (1), കെമാർ റോച്ച് (5) എന്നിങ്ങനെയാണ് വിൻഡീസ് വാലറ്റം സ്കോർ ചെയ്തത്. ഹാമിൽട്ടണിനെ ജഡേജയും മറ്റ് രണ്ടു പേരെ ഷമിയും പുറത്താക്കി.
നേരത്തെ ടി-20, ഏകദിന പരമ്പരകൾ തൂത്തുവാരിയ ഇന്ത്യ പര്യടനം ആധികാരികമായി സ്വന്തമാക്കിയാണ് മടങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here