മരടിലെ ഫ്‌ളാറ്റുകൾ ഈ മാസം ഇരുപതിനകം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ചു നീക്കണമെന്ന് സംസ്ഥാനസർക്കാരിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിന് സാവകാശം വേണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. വിധി നടപ്പാക്കാൻ വൈകിയതിൽ ചീഫ് സെക്രട്ടറി ഈ മാസം ഇരുപത്തിമൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.

Read Also; മരടിലെ ഫ്ലാറ്റുകൾ പൊളിക്കുക തന്നെ വേണം; പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി

കഴിഞ്ഞ മെയ് എട്ടിനാണ് മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു നീക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത് എന്നാൽ ഉത്തരവിട്ട് നാല് മാസമാകുമ്പോഴും കോടതി വിധി നടപ്പാക്കാത്ത സാഹചര്യത്തിലാണ് സ്വമേധയാ കേസ് പരിഗണിച്ച് സുപ്രിം കോടതി അന്ത്യശാസനം നൽകിയത്. പരിസ്ഥിതി ആഘാത പഠനം തുടരുകയാണെന്നും സാവകാശം വേണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.

Read Also; മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന സംഭവം; ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാൻ ഐഐടി സംഘം കൊച്ചിയിലെത്തി

ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധി ഈ മാസം ഇരുപതിനകം നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതി വിധികൾ നടപ്പാക്കാൻ കേരളം നിരന്തരം വീഴ്ച വരുത്തുന്നുവെന്ന് വിമർശിച്ച ജസ്റ്റിസ് അരുൺ മിശ്ര ചീഫ് സെക്രട്ടറി ഈ മാസം ഇരുപത്തിമൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഉത്തരവിട്ടു. മരടിലെ ഹോളി ഫെയ്ത്ത് അപ്പാർട്‌മെന്റ്‌സ്, കായലോരം അപ്പാർട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെഞ്ചേഴ്സ് എന്നിവയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിച്ചു നീക്കേണ്ടത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top