മരട് ഫ്ളാറ്റ് വിഷയം; പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന ഹർജി ഉടൻ പരിഗണിക്കില്ല

മരട് ഫ്ളാറ്റ് പൊളിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല. ഇക്കാര്യത്തിൽ പരിസരവാസിയായ അഭിലാഷിന്റെ ആവശ്യം സുപ്രീകോടതി തള്ളി. അടിയന്തിരമായി പരിഗണിക്കേണ്ട ഉള്ളടക്കം ഹർജിയിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അഭിലാഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജസ്റ്റിസുമാരായ എൻവി രമണ, അജയ് രസ്തോഗി എന്നിവർക്ക് മുമ്പാകെ അടിയന്തരമായി ഹർജിയിൽ വാദം കേൾക്കണമെന്ന് രാവിലെ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. അഭിഭാഷകർ ചൂണ്ടിക്കാട്ടിയ പ്രാധാന്യം തള്ളിയ കോടതി അടിയന്തരമായി കേസ് പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി. അഭിലാഷിന്റെ ഹർജി തിങ്കളാഴ്ചയാണ് പരിഗണിക്കേണ്ടിയിരുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്ളാറ്റ് പൊളിക്കേണ്ട തീയതി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ മെൻഷനിംഗിലൂടെ കേസ് അടിയന്തിരമായി കോടതിയുടെ പരിഗണനക്ക് എത്തിക്കാനുള്ള ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുമുണ്ടായത്.
എന്നാൽ, രജിസ്ട്രി കേസ് എപ്പോൾ ഈ കേൾക്കണമെന്ന് തീരുമാനിക്കുന്നുവോ അപ്പോൾ മാത്രമേ ലിസ്റ്റ് ചെയ്യൂവെന്ന് ജസ്റ്റിസ് എൻവി രമണ അറിയിച്ചു. ഇതോടെ വെള്ളിയാഴ്ചയ്ക്ക് മുൻപ് ഹർജി കോടതിയുടെ പരിഗണനയിൽ കൊണ്ടുവരാനുള്ള സാധ്യത അവസാനിച്ചു. ഫ്ളാറ്റ് പൊളിച്ച്നീക്കീയ ശേഷം 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതിയുടെ മുൻ ഉത്തരവിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here