മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ രണ്ട് ദിവസത്തിനുള്ളിൽ അറിയാം; ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ചീഫ് സെക്രട്ടറി

മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ രണ്ട് ദിവസത്തിനുള്ളിൽ അറിയാം. ഈമാസം 9 നുള്ളിൽ തന്നെ ഫഌറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ടെൻഡർ നടപടികൾ പൂർത്തികരിക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
മരടിലെ ഫ്‌ളാറ്റുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കൽ നടപടി പൂർത്തിയായതോടെ തുടർ നടപടികൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചേർത്തിരുന്നു. യോഗത്തിൽ, എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്, മരട് വിഷയത്തിൽ ചുമതലയുള്ള സബ് കളക്ടർ സനേഹിൽ കുമാർ, സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ, ഡിസിപി പൂങ്കുഴലി തുടങ്ങിയവർ പങ്കെടുത്തു.
ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് താത്പര്യപത്രം നൽകിയ കമ്പനികളുമായി നടത്തിയ ചർച്ചയുടെ റിപ്പോർട്ട് സബ് കളക്ടർ സ്‌നേഹിൽകുമാർ സർക്കാറിന് കൈമാറി. പ്രഥമ പരിഗണനയിലുള്ള കമ്പനികളെ വിശകലനം ചെയ്ത ശേഷം ഏത് കമ്പനിക്കാണ് ഫ്‌ളാറ്റ് പൊളിക്കാനുള്ള ചുമതല നൽകേണ്ടതെന്ന കാര്യത്തൻ രണ്ട് ദിവസത്തിനകം തീരുമാനമാകും. ഒൻപതിന് തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി 11 ന് ഫ്‌ളാറ്റ് പൊളിക്കുന്നതിനായി കമ്പനികൾക്ക് കൈമാറുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ഫഌറ്റുകൾ പൊളിക്കുന്നതുമായി ബന്ധെപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, ഫഌറ്റുടമകൾക്കുള്ള നഷ്ട പരിഹാരം 4 ആഴ്ചയ്ക്കകം നൽകും. എന്നാൽ നഷ്ടപരിഹാരം ആർക്കൊക്കെ നൽകണമെന്ന് ജസ്റ്റിസ്. ബാലകൃഷ്ണൻ നായർ സമിതിയാണ് തീരുമാനിക്കുക. സമിതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here