മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും. ഉടമകൾ ഇല്ലാത്ത 15 ഫ്‌ളാറ്റുകളിലെയും സാധനങ്ങൾ റവന്യൂ വകുപ്പ് കണ്ടുകെട്ടും. അതേസമയം ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
മരടിലെ ഫ്‌ളാറ്റുകളിൽ നിന്നും സാധനങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ നാളയോടെ അവസാനിക്കും. സമയപരിധി കഴിഞ്ഞും അവശേഷിക്കുന്നവ നഗരസഭയും റവന്യൂ വകുപ്പും ചേർന്ന് നീക്കം ചെയ്യും. ഇതുവരെ ഉടമകളെത്താത്ത ഫ്‌ളാറ്റുകളിലെ സാധനങ്ങൾ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഗോഡൗണുകളിലേക്ക് മാറ്റും. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് താത്പര്യപത്രം നൽകിയ കമ്പനികളിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയും കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമാണ് പ്രഥമ പരിഗണനയിലുള്ളത്.
അതേസമയം ഫ്‌ളാറ്റുടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനങ്ങളെടുക്കേണ്ട ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി പ്രവർത്തനമാരംഭിച്ചിട്ടില്ല. ഒരു സിവിൽ എഞ്ചിനിയറേയും ഒരു റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെയും സമിതിയിലേക്ക് നിയോഗിക്കണം. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതോടെ സമിതിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here