ഇന്നത്തെ പ്രധാന വാർത്തകൾ ( 10-10-2019)

കൂടത്തായി കൊലപാതകം; മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പരമ്പരയിൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട മൂന്ന് പ്രതികളെയും വടകര റൂറൽ എസ്.പി ഓഫീസിൽ അന്വേഷണം സംഘം ചോദ്യം ചെയ്യുകയാണ്. ജോളിയടക്കമുളള പ്രതികളെ ആറ് ദിവസത്തേക്കാണ് താമരശ്ശേരി മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് നേരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധമാണുണ്ടായത്.

പാമ്പാടി നെഹ്‌റു കോളജിൽ വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തിയ സംഭവം; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

പാമ്പാടി നെഹ്‌റു കോളജിൽ വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിത്തിരുത്തിയ സംഭവത്തിൽ അന്വേഷണ കമ്മീഷൻ കുഹാസിന്(കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ്‌) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ നെഹ്‌റു കോളേജ് അധ്യാപകർക്കും പങ്കുണ്ട്. കോളജ്‌ മാനേജ്‌മെന്റിൽ നിന്നുള്ള ബാഹ്യ സമ്മർദമാണ് അധ്യാപകരുടെ നിലപാടിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

‘സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാൻ ജോളി ആഗ്രഹിച്ചു’ : കേസ് ഡയറിയിലെ വിശദാംശങ്ങൾ

റോയ് തോമസ് കൊലപാതക കേസിൽ കേസ് ഡയറിയിലെ വിശദാംശങ്ങൾ പുറത്ത്. കൂടത്തായി കൂട്ടക്കൊല കേസിൽപ്പെട്ടതാണ് റോയ് തോമസിന്റെ കൊലപാതകവും. പ്രതി ജോളിയുടെ ആദ്യ ഭർത്താവാണ് റോയ് തോമസ്. റോയിയുടെ അമിത മദ്യപാനം റോയ്-ജോളി ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. റോയിയുടെ മദ്യപാനത്തെ ജോളി ചോദ്യം ചെയ്തിരുന്നു. സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാൻ ജോളി ആഗ്രഹിച്ചിരുന്നു. ജോളിയുടെ പരപുരുഷബന്ധത്തെ റോയി എതിർത്തിരുന്നു. ഒടുവിൽ റോയിയെ ഒഴിവാക്കാൻ ജോളി തീരുമാനിക്കുകയായിരുന്നു.

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. കോടതിയുടെ അനുമതിയില്ലാതെ മേൽപ്പാലം പൊളിക്കരുതെന്നാണ് നിർദേശം. ബലക്ഷയം വിലയിരുത്താൻ ലോഡ്‌ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സർക്കാർ 15 ദിവസത്തിനകം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

കൂടത്തായി കൊലപാതകം; ജോളി അടക്കമുള്ള മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

കൂടത്തായി കൊലപാതക കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളി, പ്രജുകുമാർ, മാത്യു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 16 വരെയാണ് പൊലീസ് കസ്റ്റഡി. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ആറ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽവയ്ക്കാൻ കോടതി അനുവാദം നൽകിയത്.

കൂടത്തായി കൊലപാതകം; ജോളി അടക്കമുള്ള പ്രതികളെ കോടതിയിൽ എത്തിച്ചു; കൂകിവിളിച്ച് നാട്ടുകാർ

കൂടത്തായി കൊലപാതക കേസിൽ പ്രതികളെ കോടതിയിൽ എത്തിച്ചു. വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് ഒത്തുകൂടിയത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജോളി അടക്കമുള്ള പ്രതികളെ എത്തിച്ചത്. പ്രതികളായ ജോളി, പ്രജുകുമാർ എന്നിവരെയാണ് കോടതിയിൽ എത്തിച്ചത്.

‘യുവാവ് പെൺകുട്ടിയെ പലപ്പോഴും ശല്യപ്പെടുത്തിയിരുന്നു; പരാതി ഒത്തുതീർപ്പാക്കിയത് രണ്ട് ദിവസങ്ങൾക്കു മുൻപ്’: കാക്കനാട് തീക്കൊളുത്തിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

കാക്കനാട് അർധരാത്രി വീട്ടിൽ കയറി പെൺകുട്ടിയെ യുവാവ് തീക്കൊളുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. യുവാവ് മരിച്ച പെൺകുട്ടിയുടെ അകന്ന ബന്ധു ആയിരുന്നുവെന്ന് ദേവികയുടെ അയൽവാസിയും കൗൺസിലറുമായ സ്മിത ട്വൻ്റിഫോറിനോടു പറഞ്ഞു. പെൺകുട്ടിയെ ശല്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ മുൻപ് പരാതി നൽകിയിരുന്നു. അത് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒത്തുതീർപ്പാക്കിയതാണെന്നും കൗൺസിലർ പറഞ്ഞു. അതിൻ്റെ വൈരാഗ്യമാണോ എന്നറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More