മരട് ഫ്‌ളാറ്റ് നിർമാതാക്കളെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്ത് തുടങ്ങും

മരടിലെ ഫ്‌ളാറ്റ് നിർമാതാക്കളെ നാളെ മുതൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങും. ആൽഫാ, ജയിൻ, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകളുടെ നിർമാതാക്കളോട് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
അതേ സമയം, ആൽഫാ ഫ്‌ളാറ്റ് നിർമാതാവ് പോൾ രാജ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഫ്‌ളാറ്റ് നിർമാണത്തിൽ വ്യാപക ക്രമക്കേട് നടന്നതിന് കൃത്യമായ തെളിവ് ലഭിച്ചതോടെയാണ് നിർമാതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്. ജയിൻ ഫ്‌ളാറ്റ് ഉടമ സന്ദീപ് മേത്ത, ഹോളി ഫെയ്ത്തിന്റെ നിർമാതാവ് സാനി ഫ്രാൻസിസ്, ആൽഫാ ഫ്‌ളാറ്റ് ഉടമ പോൾ രാജ് എന്നിവരോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പോൾ രാജനോട് നാളെയും, സന്ദീപ് മേത്തയോട് വരുന്ന 17നും, സാനീ ഫ്രാൻസീസിനോട് 21നും ഹാജരാവാനാണ് ക്രൈംബ്രാഞ്ച് നിർദേശിച്ചിരിക്കുന്നത്. വ്യാപകമായി കായൽ കൈയേറിയാണ് ഫ്‌ളാറ്റുകൾ നിർമിച്ചിരിക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നിർമാണ സമയത്തെ രേഖകളും ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. കൂടാതേ വിവാദ നിർമാണത്തിന് അനുമതി നൽകിയ പഴയ പഞ്ചായത്ത് സെക്രട്ടറിയേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലായിരിക്കും ഫ്‌ളാറ്റ്
നിർമാതാക്കളെ നാളെ ചോദ്യം ചെയ്യുക.
എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടീസ് ലഭിച്ചതോടെ നിർമാതാക്കൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അതേസമയം, ഫ്‌ളാറ്റുകൾ കമ്പനികൾക്ക് കൈമാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാർ പറഞ്ഞു. ഫ്‌ളാറ്റിലെ താമസക്കാരായിരുന്നവർക്ക് നഷ്ട പരിഹാരം തീരുമാനിക്കാനുള്ള ജസ്റ്റിസ് ബാലകൃഷ്ണൻ നായരുടെ സമിതി കൊച്ചിയിൽ യോഗം ചേർന്നു. ഫ്‌ളാറ്റ് എത്ര രൂപക്കാണ് താമസക്കാർക്ക് കൈമാറിയതെന്നറിയാൻ വിൽപ്പന രേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ട് 4 ഫ്‌ളാറ്റുടമകൾക്ക് കമ്മിറ്റി നോട്ടീസയച്ചു. ഫ്‌ളാറ്റ് ഉടമകൾ നൽകിയ സത്യവാങ് മൂലം ഉൾപ്പെട്ട ഇടക്കാല റിപ്പോർട്ട് നഗരസഭാ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here