മരട് ഫ്ലാറ്റ് കേസ്: ഉത്തരവിട്ടാൽ ഉത്തരവിട്ടത് തന്നെ; 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവർത്തിച്ച് സുപ്രിം കോടതി

മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ആദ്യഘട്ടമായി ഇരുപത്തിയഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവർത്തിച്ച് സുപ്രിം കോടതി. ഫ്‌ളാറ്റ് നിർമാതാക്കൾ ഇരുപത് കോടി രൂപ കെട്ടിവയ്ക്കണം. ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള വിധിയിൽ നിന്ന് ഒരു വരി പോലും മാറ്റില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ജസ്റ്റിസ് അരുൺ മിശ്ര കോടതിയിൽ നേരിട്ട് ഹാജരായ ഫ്‌ളാറ്റ് ഉടമകളെ ശകാരിച്ചു.

ആദ്യഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം രൂപ എല്ലാ ഫ്‌ളാറ്റ് ഉടമകൾക്കും നൽകണമെന്ന് സുപ്രീംകോടതി നിർദേശമുണ്ടായിട്ടും ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതി തുക അനുവദിക്കുന്നില്ലെന്ന് ഫ്‌ലാറ്റ് ഉടമകളുടെ അഭിഭാഷകർ പരാതിപ്പെട്ടു.

ഇക്കാര്യം പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുൻഉത്തരവ് നടപ്പാക്കാൻ കർശന നിർദേശം നൽകുകയായിരുന്നു. എന്നാൽ പൊളിക്കാനുള്ള വിധിയിൽ ഒരു മാറ്റവും വരുത്താനാകില്ലെന്ന് വീണ്ടും വ്യക്തമാക്കി.

കോടതിയുടെ സമയം മെനക്കെടുത്തരുതെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഫ്‌ളാറ്റ് നിർമാതാക്കൾ ഇരുപത് കോടി രൂപ കെട്ടിവക്കണം. നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിച്ചത് തൽക്കാലം ഒഴിവാക്കി.

ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് സമർപ്പിച്ച സത്യവാങ്മൂലം ജസ്റ്റിസ് അരുൺ മിശ്ര കോടതിരേഖയിൽ ഉൾപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top