‘മഹാ’ ചുഴലിക്കാറ്റ്; കടലില്‍ പോകുന്നതിന് കര്‍ശന നിയന്ത്രണം

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ‘മഹാ’ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് കര്‍ശന നിയന്ത്രണം. പ്രക്ഷുബ്ദാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ല. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റുന്നതിനായി ക്യാമ്പുകള്‍ തുറക്കുന്നതിനും നിര്‍ദേശം നല്‍കി. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിലും, അപകട മേഖലകളിലും താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ന്യൂനമര്‍ദ പ്രഭാവമുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.എല്ലാ ജില്ലകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടോള്‍ ഫ്രീ നമ്പറായ 1077ല്‍ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top