അപ്രതീക്ഷിത പേമാരി; കുട്ടനാട്ടില്‍ നെല്‍കൃഷി വെള്ളം കയറി നശിക്കുന്ന അവസ്ഥയില്‍

തുലാ മഴയ്‌ക്കൊപ്പം ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത പേമാരി കുട്ടനാടിനെ ദുരിതക്കയത്തിലാക്കുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനൊപ്പം കുട്ടനാട്ടിലെ മൂവായിരത്തിലധികം ഹെക്ടറിലെ നെല്‍കൃഷിയും വെള്ളം കയറി നശിക്കുന്ന അവസ്ഥയിലാണിപ്പോള്‍. ഇതിനിടെ  ആലപ്പുഴ ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

രാവും പകലും ഇടവിട്ട് പെയ്യുന്ന കനത്ത മഴയ്‌ക്കൊപ്പം കിഴക്കന്‍ വെള്ളത്തിന്റെ വരവും ഉയര്‍ന്നുതോടെ കുട്ടനാട്ടുകാര്‍ ദുരിതത്തിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ തുറന്നിട്ടുണ്ട്.

കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ക്കൊപ്പം പട്ടണക്കാട്, കോടംതുരുത്ത്, എഴുപുന്ന, തുറവുര്‍ എന്നിവടങ്ങളിലെ ക്യാമ്പുകളിലേക്ക് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് കുട്ടനാട്ടില്‍ വ്യാപക കൃഷിനാശത്തിന് വഴിയൊരുക്കി വിളവെടുക്കാനായ ഹെക്ടറ് കണക്കിന് നെല്‍പ്പാടത്ത് വെള്ളം കയറിയിരിക്കുന്നത്. മടവീഴ്ചയ്ക്ക് പിന്നാലെ കാലം തെറ്റിപ്പെയ്യുന്ന മഴകൂടി ശക്തമായതോടെ രണ്ടാംവിള പൂര്‍ണമായി നശിക്കുമെന്ന ആശങ്കയിലാണ് കുട്ടനാട്ടിലെ കര്‍ഷകര്‍. രണ്ടാംവിള കൊയ്‌തെടുക്കേണ്ട സമയം കഴിയുന്നു.

കനത്ത മഴയില്‍ നെല്‍ച്ചെടികളെല്ലാം വീണ് കിടക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കുറഞ്ഞാലും കാര്യമായ വിളവ് കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും കര്‍ഷകര്‍ പറയുന്നു. കുട്ടനാടിനായി പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. കൃഷി നാശത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങാനാണ് പാടശേഖരസമിതികളുടെ തീരുമാനം. അതേസമയം ന്യൂനമര്‍ദത്തേ തുടര്‍ന്നുണ്ടായ മഴ ഇനിയും തുടരുകയാണെങ്കില്‍ കുട്ടനാട്ടിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top