ഇന്നത്തെ പ്രധാന വാർത്തകൾ (07-11-2019)
ഇന്ത്യയ്ക്ക് ജയം; പരമ്പരയിൽ ഒപ്പത്തിനൊപ്പം
ബംഗ്ലാദേശിനെതിരായ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം. 154 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് വിക്കറ്റിനാണ് വിജയിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പത്തിനൊപ്പം എത്തി. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 85 റൺസ് നേടിയാണ് രോഹിത് പുറത്തായത്. 31 റൺസെടുത്ത ശിഖർ ധവാനെ ആമിനുൾ ഇസ്ലാം പുറത്താക്കി.
ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നതിന് വിലക്ക്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.സരിത ആർ എൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് മൂന്ന് വയസ്സ്
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു നവംബർ 7ന് രാത്രിയിലാണ് രാജ്യത്തെ നടുക്കിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത് …ആയിരത്തിന്റെയും അഞ്ഞൂറിന്റെ നോട്ടുകൾ അർധരാത്രി മുതൽ അസാധുവാകുമെന്ന ആ പ്രഖ്യാപനം കോടികളുടെ കോട്ട കെട്ടിപ്പടുത്ത കള്ളപ്പണക്കാർക്ക് ഇരുട്ടടിയാകുമെന്ന് കേന്ദ്രസർക്കാർ കരുതി. എന്നാൽ പലനാളുകളായി അഞ്ചും പത്തും കൂട്ടിവച്ച് സാധാരണക്കാരനുണ്ടാക്കിയ കൊച്ചുകുടിലുകളും ഇതിൽ തകരുമെന്ന് അവർ ചിന്തിച്ചിരുന്നോ ?
‘ എന്റെ സഹോദരന് കൊലയിൽ പങ്കില്ല, ഞാനാണ് പ്രതി’; കുറ്റം സമ്മതിച്ച് റിസോർട്ട് മാനേജരുടെ വീഡിയോ സന്ദേശം
ഇടുക്കി പൂപ്പാറയിൽ കാണാതായ യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് തുറന്ന് സമ്മതിച്ച് പ്രതിയും റിസോർട്ട് മാനേജറുമായ വസീം. വസീം തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പച്ചക്കറി വില പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ; ഉത്തർപ്രദേശിൽ നിന്ന് ഉരുളക്കിഴങ്ങ് കൊണ്ടുവരും
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില പിടിച്ച് നിർത്താൻ ഹോർട്ടി കോർപ്പിന്റെ വിപണി ഇടപെടൽ. നാഫെഡ് വഴി സവാളയും ഉത്തർപ്രദേശിൽ നിന്ന് ഉരുളക്കിഴങ്ങും കൊണ്ടുവരും. സവാളക്കും തക്കാളിക്കും ഉൾപ്പെടെ റെക്കോർഡ് വില വർധനവാണ് ഉണ്ടായിട്ടുള്ളത്.
യുഎപിഎ കേസ്; സിപിഐഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഐഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. പ്രവര്‍ത്തകരുടെ അറസ്റ്റ് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിനു പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
പിഎസ് സി പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി
പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി. നല്ല രീതിയിൽ അന്വേഷിക്കാനുള്ള ശേഷി ക്രൈംബ്രാഞ്ചിനുണ്ടെന്നും ഒരു രീതിയിലുള്ള രാഷ്ട്രീയ പരിരക്ഷയും കുറ്റവാളികൾക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ. കേസിൽ ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പിഎസ്‌സി പരീക്ഷാ ക്രമക്കേട്; വിവാദ റാങ്ക് ലിസ്റ്റില്‍ നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച്
പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ വിവാദ റാങ്ക് ലിസ്റ്റില്‍ നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച്. മൂന്ന് പ്രതികളല്ലാതെ മറ്റാരും കോപ്പി അടിച്ചതിന് തെളിവില്ല. ഇക്കാര്യം വ്യക്തമാക്കി പിഎസ്‌സി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് മേധാവി കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം: മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിച്ചു; കാനം
ചീഫ് സെക്രട്ടറിയുടെ ലേഖനം മജിസ്റ്റീരിയല്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ലേഖനത്തോടെ ഇതില്‍ വിധിയും പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന്റെ വാര്‍ത്താ വ്യക്തിയിലാണ് കാനം രാജേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here