ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരി തെളിയും

തലസ്ഥാനത്തെ അഭ്രപാളികളിലേക്ക് ലോകം ചുരുങ്ങുന്ന സിനിമകളുടെ ഉത്സവത്തിലേക്ക് ഇനി നാലുനാൾ കൂടി. ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രോത്സവം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 53 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യപ്രദർശനത്തിന് വേദിയാകുന്നുവെന്ന പ്രത്യേകതകൂടി ഇക്കുറി മേളയ്ക്കുണ്ട്.
ഉദ്ഘാടന ചിത്രം ടർക്കിഷ് സംവിധായകനായ സെർഹത്ത് കരാസ്ലാന്റെ പാസ്ഡ് ബൈ സെൻസർ അടക്കമുള്ളവയുടെ ആദ്യപ്രദർശനമാണ് ഐഎഫ്‌ഐഫ്‌കെയിൽ ആസ്വാദകരെ കാത്തിരിക്കുന്നത്. മൂന്നു ചിത്രങ്ങളുടേതാകട്ടെ ആഗോളതലത്തിലെ തന്നെ ആദ്യപ്രദർശനവും. മൽസര വിഭാഗത്തിലെ മലയാള സാന്നിധ്യമായ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരം, മലയാള സിനിമ ഇന്ന് വിഭാഗത്തിലെ സൈലെൻസർ എന്നീ ചിത്രങ്ങളുടെ ആദ്യപ്രദർശനത്തിനും മേള വേദിയാകും. ലിജോ ജോസ് പല്ലിശേരിയുടെ ജല്ലിക്കെട്ടാണ് മൽസരവിഭാഗത്തിലെ മറ്റൊരു മലയാള സാന്നിധ്യം. കഴിഞ്ഞ തവണ പ്രളയത്തെ തുടർന്ന് ചെലവ് ചുരുക്കിയും പ്രതിനിധികളുടെ എണ്ണം കുറച്ചുമാണ് മേള നടത്തിയതെങ്കിൽ ഇത്തവണ കുറച്ചുകൂടി വിപുലമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ലെനിൻ രാജേന്ദ്രൻ ഉൾപ്പെടെ ഇന്ത്യൻ സിനിമയിലെ മൺമറഞ്ഞ ആറു പ്രതിഭകൾക്ക് സ്മരണാഞ്ജലിയായി ഏഴ് ചിത്രങ്ങളുടെ പ്രത്യേക പ്രദർശനമാണ് മേളയുടെ മറ്റൊരു പ്രത്യേകത. കാൽപന്ത് മാന്ത്രികൻ ഡീഗോ മറഡോണയുടെ ജീവിതം വരച്ചുകാണിക്കുന്ന ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഡീഗോ മറഡോണയെന്ന ചിത്രവും പ്രേക്ഷകർക്ക് വിരുന്നായിരിക്കും. കാലോഡ്സ്‌കോപ്പ് വിഭാഗത്തിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും, സി ഷെരീഫിന്റെ കാന്തൻ ദി കളർ ഓഫ് ലൗവും ഉൾപ്പെട്ടിട്ടുണ്ട്. നടി ശാരദയോടുള്ള ആദരവായി റെട്രോസ്പെക്ടീവ് വിഭാഗത്തിൽ അവരുടെ ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here