ഇന്നത്തെ പ്രധാന വാർത്തകൾ (04-12-2019)
‘ജോലിഭാരം മാനസിക സമ്മർദത്തിന് കാരണമായി’; തൃശൂർ ക്യാമ്പിലെ എസ്‌ഐയുടേത് ആത്മഹത്യ
തൃശൂർ പൊലീസ് അക്കാദമി എസ്‌ഐയും ഇടുക്കി വാഴവര സ്വദേശിയുമായ അനിൽ കുമാറിന്റേത് ആത്മഹത്യയെന്ന് പൊലീസ്.
കോടിയേരി ബാലകൃഷ്ണൻ അവധിയിലേക്ക്; പുതിയ സെക്രട്ടറി ആര് ?
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിലേക്ക്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആറുമാസത്തേക്ക് കോടിയേരി അവധിയിൽ പ്രവേശിക്കാൻ തീരുമാനിച്ചതായാണ് വിവരം.
ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരം ജയിൽ മോചിതനായി
ഐഎൻഎക്‌സ് മീഡിയ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പി ചിദംബരം ജയിൽ മോചിതനായി. അൽപ സമയം മുൻപാണ് അദ്ദേഹം ജയിൽ മോചിതനായത്. 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങുന്നത്.
ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന് ജാമ്യം
ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന് ജാമ്യം. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഇതോടെ ചിദംബരം ഇന്ന് ജയിൽ മോചിതനാകും.
കാസർഗോഡ് നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ
കാസർഗോഡ് നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവുശിക്ഷ. കാസർഗോഡ് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
മാവേലിക്കര ഇരട്ട കൊലക്കേസ്; പ്രതിക്ക് വധശിക്ഷ
മാവേലിക്കര ഇരട്ട കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. മാവേലിക്കര പല്ലാരിമംഗലം ദേവു ഭവനത്തിൽ ബിജു (42), ഭാര്യ ശശികല (35) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ പൊണ്ണശ്ശേരി തിരുവമ്പാടി വീട്ടിൽ സുധീഷിന് (39) വധശിക്ഷ വിധിച്ചത്.
ഫയല്‍ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടത് നിയമവിരുദ്ധമെന്ന് ഗവര്‍ണറുടെ ഓഫീസ്
സാങ്കേതിക സര്‍വകലാശാലയുടെ ഫയല്‍ അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടത് നിയമവിരുദ്ധമാണെന്ന് ഗവര്‍ണറുടെ ഓഫീസ്. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതി കൂടാതെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഫയല്‍ അദാലത്തില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സുഡാനിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 18 ഇന്ത്യക്കാർ കൊല്ലപ്പെട്ടു
സുഡാനിൽ സെറാമിക് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 23 മരണം. മരിച്ചവരിൽ 18 പേർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം. തലസ്ഥാനനഗരമായ ഖാർത്തുമിലെ വ്യാവസായിക മേഖലയിൽ ഇന്നലെയാണ് അപകടമുണ്ടായത്.
ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം
ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. ബില്ല് പാർലമെന്റിൽ അടുത്തയാഴ്ച അവതരിപ്പിക്കും. 1955 ലെ സിറ്റിസൺഷിപ്പ് ആക്ടാണ് ഇപ്പോൾ ഭേദഗതി ചെയ്യപ്പെടാൻ പോകുന്നത്.
അഭയ കേസ്; നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് ഹൈക്കോടതി തടഞ്ഞു
സിസ്റ്റർ അഭയ കേസിൽ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഈ മാസം പത്ത് വരെയാണ് വിചാരണ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും നിർത്തിവെക്കണം എന്ന ഹർജി ഹൈക്കോടതി തള്ളി
സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകത്തിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
സിസ്റ്റർ ലൂസി കളപ്പുര താമസിക്കുന്ന മഠത്തിലേക്ക് പ്രതിഷേധ പ്രകടനം
സിസ്റ്റർ ലൂസി കളപ്പുര താമസിക്കുന്ന വയനാട് കാരയ്ക്കാമല എഫ്‌സിസി മഠത്തിലേക്ക് ഒരുകൂട്ടം ആളുകൾ പ്രതിഷേധ പ്രകടനം നടത്തി.
യുഎഇ റെഡ് ക്രസന്റ് വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിർമ്മാണം തൃശൂരിൽ തുടങ്ങിയെന്ന് പിണറായി വിജയൻ
യുഎഇ റെഡ് ക്രസന്റ് സംസ്ഥാനത്തിനു വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിർമ്മാണം തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 140 ഫ്‌ലാറ്റുകളുള്ള ഭവന സമുച്ചയമാണ് നിർമ്മിക്കുക എന്നും അദ്ദേഹം കുറിച്ചു.
വീടുകളിൽ വൈൻ തയ്യാറാക്കുന്നതിന് നിരോധനമില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് എക്‌സൈസ് മന്ത്രി
വീടുകളിൽ ആൽക്കഹോൾ കണ്ടന്റില്ലാത്ത വൈൻ തയ്യാറാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. എക്‌സൈസ് വകുപ്പിന്റെ സർക്കുലറിൽ ഇക്കാര്യം പരാമർശിക്കുന്നില്ല.
യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികളല്ലാത്ത താമസക്കാരെ പുറത്താക്കാൻ നിർദ്ദേശം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികളല്ലാത്ത താമസക്കാരെ പുറത്താക്കാന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. ഹോസ്റ്റലിലെ മൂവ്‌മെന്റ് രജിസ്റ്റർ കർശനമാക്കണമെന്നും താക്കീത് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here