ഇന്നത്തെ പ്രധാന വാർത്തകൾ (13.12.2019)

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷന് തീയിട്ടു

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. പശ്ചിമ ബംഗാളിൽ റെയിൽവേ സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. മുർഷിദാബാദ് ജില്ലയിലുള്ള റെയിൽവേ സ്റ്റേഷനാണ് വെള്ളിയാഴ്ച വൈകിട്ടോടെ പ്രതിഷേധക്കാർ തീയിട്ടത്. ബെൽദങ്ങ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ മർദിച്ചതായും റിപ്പോർട്ടുണ്ട്.

പൗരത്വ ഭേദഗതി ബിൽ ഇനി നിയമം: അർധരാത്രിയോടെ ഒപ്പ് വച്ച് രാഷ്ട്രപതി

പൗരത്വ ഭേദഗതി നിയമമായി. ഇന്നലെ രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പ് വച്ചത്. ഗസറ്റിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. രാജ്യത്തെ മുസ്ലിം ഇതര മതസ്ഥരായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതാണ് ബിൽ.

ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പ്: ആദ്യഫല സൂചനകൾ ബോറിസ് ജോൺസന് അനുകൂലം

ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകൾ പ്രധാന മന്ത്രി ബോറിസ് ജോൺസന് അനുകൂലം. നാലര വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.

വരാപ്പുഴ കസ്റ്റഡി മരണക്കേസ്: പൊലീസുകാർക്കെതിരെ കൊലക്കുറ്റം; ബോധപൂർവം നിയമം ലംഘിച്ചു

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പൊലീസ് ബോധപൂര്‍വം നിയമം ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. പൊലീസുകാര്‍ക്കെതിരെ നേരിട്ടുള്ള തെളിവുകളുണ്ട്. വീട്ടിലും വഴിയിലും ജീപ്പിലും സ്റ്റേഷനിലും വച്ച് ശ്രീജിത്തിനെ മര്‍ദിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ബോറിസ് ജോൺസൺ വീണ്ടും അധികാരത്തിലേക്ക്; ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് ഉടൻ പുറത്തേക്ക്

ബ്രിട്ടന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നു. ബോറിസ് ജോൺസൺ വീണ്ടും അധികാരത്തിലേക്ക്. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതോടെ ബ്രിട്ടൺ 2020 ജനുവരി 31-ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്ത് പോകാനുള്ള സാധ്യത തെളിയും.

ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ വഴിയിൽ ഇറക്കിവിട്ടു; പാലക്കാട്ട് കാറിടിച്ച് പരുക്കേറ്റ കുട്ടി മരിച്ചു

പാലക്കാട് നല്ലേപ്പള്ളിയില്‍ കാറിടിച്ച് പരുക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു. നല്ലേപ്പള്ളി സുദേവന്റെ മകന്‍ സുജിത്ത് ആണ് മരിച്ചത്. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാതെ ഇടിച്ച കാറിലുണ്ടായിരുന്നവര്‍ കുട്ടിയെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. ടയര്‍ പഞ്ചറാണെന്ന് പറഞ്ഞാണ് കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top