ഇന്നത്തെ പ്രധാനവാർത്തകൾ (30/12/2019)
നാവിക സേനയിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്
നാവിക സേനയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നാവിക സേനാ ആസ്ഥാനത്തും ഡോക് യാർഡിലുമാണ് നിയന്ത്രണമേർപ്പെടുത്തിയത്.
ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഹണിട്രാപ്പിൽ കുരുക്കാൻ ഐഎസ്ഐ ശ്രമിച്ച സംഭവം; അന്വേഷണം എൻഐഎയ്ക്ക്
ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഹണിട്രാപ്പിൽ കുരുക്കാൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ നടത്തിയ ശ്രമം എൻഐഎ അന്വേഷിക്കും.
ഡൽഹിയിൽ മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ആറ് മരണം
ഡൽഹിയിൽ കടുത്ത മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ആറ് മരണം. കാറാണ് അപകടത്തിൽപ്പെട്ടത്. മൂടൽ മഞ്ഞിൽ മുന്നോട്ടുള്ള വഴി കാണാതെ തെന്നിമാറിയ കാർ അപകടത്തിൽപ്പെടുകയായിരുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ചരിത്രകാരൻ ഇർഫാൻ ഹബീബ്
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ചരിത്രകാരൻ ഇർഫാൻ ഹബീബ്. ഗവർണർ തന്നേക്കാൾ വലിയ ചരിത്രകാരനായിരിക്കാമെന്നും, എന്നാൽ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും താൻ കണ്ടിട്ടില്ലെന്നും ഇർഫാൻ ഹബീബ് മാധ്യമങ്ങളോട് പറഞ്ഞു.
‘സ്ഥാനമൊഴിഞ്ഞ് ബിജെപി അധ്യക്ഷനാകുന്നതാകും ഉചിതം’: ഗവർണർക്കെതിരെ ടി എൻ പ്രതാപൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ടി എൻ പ്രതാപൻ എംപി. ഗവർണർ കൂറ് പുലർത്തേണ്ടത് ഭരണഘടനയോടാണെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.
കൊച്ചിയിൽ പുനർ നിർമിച്ച റോഡ് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചു; നാട്ടുകാരുടെ പ്രതിഷേധം
കൊച്ചിയിൽ പുനർ നിർമിച്ച റോഡ് കുത്തിപ്പൊളിച്ചു. തമ്മനം-പുല്ലേപ്പടി റോഡിൽ പൊന്നുരുന്നി ഭാഗത്താണ് നന്നാക്കിയതിന് പിന്നാലെ റോഡ് പൊളിച്ചത്.
കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കുക. ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുളളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here