‘പ്രതിഷേധം മൗലികാവകാശം; ജുമാമസ്ജിദ് പാകിസ്താനിലല്ല’; ഡൽഹി പൊലീസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാമസ്ജിദിൽ നടന്ന പ്രതിഷേധങ്ങളിൽ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഡൽഹി തീസ് ഹസാരി കോടതി. പ്രതിഷേധം മൗലികാവകാശമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലാവു പറഞ്ഞു. റിമാൻഡിൽ കഴിയുന്ന ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി വിമർശിച്ചത്.
പ്രതിഷേധം നടന്ന ജുമാമസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്ന് കോടതി പറഞ്ഞു. പാകിസ്താനിൽ ആണെങ്കിൽ തന്നെ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും ജഡ്ജി പറഞ്ഞു. പാകിസ്താൻ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ജസ്റ്റിസ് കാമിനി ലാവു വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളണമെന്നു വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ശ്രമിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. പ്രതിഷേധത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതിനെയും കോടതി വിമർശിച്ചു. നിരോധനാജ്ഞ പൊലീസ് തെറ്റായി പ്രയോഗിക്കുന്നത് പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്ന് കോടതി പറഞ്ഞു.ജാമ്യ ഹർജിയിൽ നാളെ വാദം തുടരും. പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ ആസാദ് കഴിഞ്ഞ മാസം 21 മുതൽ ജയിലിലാണ്.
ഡൽഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഹർജിത് സിംഗ് ഭാട്ടിയ രംഗത്തെത്തിയിരുന്നു.
story highlights- chandrasekhar azad, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here