Advertisement

തുർക്കിയിൽ ശക്തമായ ഭൂചലനം; 22 പേർ മരിച്ചു

January 25, 2020
Google News 1 minute Read

കിഴക്കൻ തുർക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 22 പേർ മരിക്കുകയും 1000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുപ്പതോളം പേരെ കാണാതായി. തലസ്ഥാന നഗരമായ അങ്കാരയിൽ നിന്ന് 550 കിലോമീറ്റർ അകലെ എലസിഗ് പ്രവിശ്യയിലാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

Read Also: കൊറോണ ഭീതി: ചൈനയിലെ വിമാനത്താവളത്തിൽ മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു

കിഴക്കൻ പ്രവിശ്യയായ എലസിഗിലെ ചെറിയ പട്ടണമായ സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഇന്നലെ രാത്രി 8.55 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് തുർക്കി സർക്കാരിന്റെ അപകട, അത്യാഹിത വിഭാഗം അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങൾക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടങ്ങൾ തകർന്ന് വീണുണ്ടായ അപകടത്തിൽപ്പെട്ടാണ് കൂടുതൽ പേർക്കും ജീവൻ നഷ്ടമായത്. എലസിഗിൽ 13 പേരും മലട്യയിൽ അഞ്ച് പേരുമാണ് മരിച്ചതെന്ന് ഭൂചലനം അനുഭവപ്പെട്ട മേഖലകൾ സന്ദർശിച്ച ശേഷം ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക്ക പറഞ്ഞു. കെട്ടിടത്തിനുള്ളിൽ കുടങ്ങിക്കിടക്കുന്ന 30 പേർക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചതായി ആഭ്യന്തരമന്ത്രി സുലൈമാൻ സോയ്‌ലു അറിയിച്ചു.

രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. ജനാലകളും ബാൽക്കണികളും തകർത്താണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. തകർന്ന കെട്ടിടങ്ങളിലേക്ക് മടങ്ങരുതെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ആവശ്യമായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം എന്നിവ പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തുർക്കിയിൽ നേരത്തേയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. 1999ൽ തുർക്കിയിലെ പടിഞ്ഞാറൻ നഗരമായ ഇസ്മിതിലാണ് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലുണ്ടായ ഭൂചലനത്തിൽ 17,000 പേരാണ് മരിച്ചത്. അന്ന് അഞ്ച് ലക്ഷത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടമായിരുന്നു. 2011ലും തുർക്കിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എർസിസിലെ വാൻ നഗരത്തിലുണ്ടായ ഭൂചലനത്തിൽ അന്ന് 523 പേരാണ് മരിച്ചത്.

 

 

earth quake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here