പരസഹായമില്ലാതെ നടക്കാനാവുന്നില്ല; പെലെക്ക് വിഷാദരോഗമെന്ന് മകൻ

ഫുട്ബോൾ ഇതിഹാസം പെലെക്ക് വിഷാദരോഗമെന്ന് മകൻ എഡീഞ്ഞോ. പരസഹായമില്ലാതെ നടക്കാൻ പോലും അദ്ദേഹത്തിനു സാധിക്കുന്നില്ലെന്നും അത് അദ്ദേഹത്തെ വിഷാദരോഗത്തിലേക്ക് നയിച്ചെന്നുമാണ് എഡീഞ്ഞോയുടെ വെളിപ്പെടുത്തൽ. ബ്രസീലിയന്‍ മാധ്യമം ‘ടിവി ഗ്ലോബോ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എഡീഞ്ഞോ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“അടുത്തിടെ അദ്ദേഹം ഇടുപ്പ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതുകൊണ്ട് തന്നെ പരസഹായമില്ലാതെ നടക്കാനാവില്ല. അത് വിഷാദരോഗം ഉണ്ടാക്കുകയാണ്. ഒരു സമയത്ത് ഫുട്ബോൾ ഗ്രൗണ്ടിലെ രാജാവായിരുന്നു അദ്ദേഹം. എല്ലായ്പ്പോഴും ഗാംഭീര്യമുള്ള മനുഷ്യനായിരുന്നു. അതിന് ഇപ്പോൾ ഇടിവു പറ്റിയിരിക്കുകയാണ്. അത് അദ്ദേഹത്തിന് ഉൾക്കൊള്ളാനാവുന്നില്ല.”- എഡീഞ്ഞോ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി പെലെയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. 2014 അവസാനത്തിൽ അദ്ദേഹം ബ്രസീലില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് 2016 റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്ന പെലെ ആരോഗ്യം മോശയതിനെ തുടര്‍ന്ന് അതിൽ നിന്നും വിട്ടു നിന്നു. അടുത്തിടെ ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയോടൊപ്പം പാരിസിൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരുന്ന പെലെയെ പരിപാടിക്കിടയിൽ വെച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കടുത്ത പനിയെത്തുടർന്ന് ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഇതിനു ശേഷമാണ് ഇടുപ്പ് ശസ്ത്രക്രിയ നടന്നത്. ഇപ്പോൾ വാക്കർ ഉപയോഗിച്ചാണ് അദ്ദേഹത്തിൻ്റെ നടപ്പ്.
79കാരനായ പെലെ ലോകത്തിലെ ഏറ്റവും മികച്ച കാല്പന്തു കളിക്കാരിൽ ഒരാളാണ്. ബ്രസീലിനു വേണ്ടി മൂന്ന് തവണ ലോകകപ്പ് നേടിയ അദ്ദേഹം രാജ്യത്തിനു വേണ്ടി 92 കളികളിൽ നിന്ന് 77 ഗോളുകൾ നേടിയിട്ടുണ്ട്. 1958ലും 1962ലും 1970ലുമായിരുന്നു അദ്ദേഹത്തിൻ്റെ ലോകകപ്പ് വിജയങ്ങൾ. തൻ്റെ ക്ലബ് കരിയറിൽ ബ്രസീലിയൻ ക്ലബ് സാൻ്റോസിനായി 638 കളികളിൽ 619 ഗോളുകളും അമേരിക്കൻ ക്ലബ് ന്യൂയോർക്ക് കോസ്മോസിനായി 56 കളികളിൽ നിന്നായി 31 ഗോളുകളും നേടിയിട്ടുണ്ട്. 1977ൽ സജീവ ഫുട്ബോളിൽ നിന്നും അദ്ദേഹം വിരമിച്ചു.
Story Highlights: Pele in depression
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here