‘ഞാൻ എന്ത് തെറ്റാണ് ചെയ്തത് ?’ : ഡോ.ഷിനു ശ്യാമളൻ

കൊറോണ വൈറസ് ബാധ സംശയിച്ച വ്യക്തിയെ കുറിച്ച് പ്രതികരിച്ചതിനെ തുടർന്ന് പിരിച്ചു വിടൽ നടപടി നേരിടുകയാണ് ഡോ.ഷിനു ശ്യാമളൻ. താൻ ചെയ്തത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ലെന്ന് ഷിനു ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും തന്റെ ജോലിയും ജീവിതവുമാണ് ഇല്ലാതായതെന്നും ഷിനു പ്രതികരിച്ചു.
കൊറോണ ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവിനെ കുറിച്ച് ആരോഗ്യ വകുപ്പിലടക്കം അറിയിച്ചിട്ടും യാതൊരു നടപടിയും ആരും കൈക്കൊണ്ടില്ല. കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവ് ഖത്തറിൽ നിന്ന് വന്ന് 30 ദിവസം കഴിഞ്ഞുവെന്ന് പറയപ്പെടുന്നു. പക്ഷേ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇയാൾ ഡൽഹി ആഗ്ര തുടങ്ങിയ പ്രദേശങ്ങളിൽ പോയിരുന്നു. ഇവിടെയെല്ലാം നിരവധി വിദേശികൾ എത്തുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടർ എന്ന നിലയിൽ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും എന്ത് തെറ്റാണ് താൻ ചെയ്തതെന്നും ഷിനു ചോദിച്ചു.
Read Also : ഡോക്ടർ ഷിനു ശ്യാമളനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു
‘തലേ ദിവസം ഡെപ്യൂട്ടി ഡിഎംഒയെ വിളിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് പൊലീസിൽ വിവരം അറിയിച്ച് പൊലീസ് വഴി നീങ്ങാം എന്നാണ്. ഡിസ്ട്രിക്ട് സർവേയ്‌ലെൻസ് ഓഫിസറോടും ഇക്കാര്യം പറഞ്ഞിരുന്നു. ഖത്തറിലേക്ക് തിരികെ പോകാൻ യുവാവിന് എങ്ങനെ അനുമതി ലഭിച്ചുവെന്ന് അറിയില്ല. ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കാതിരുന്നതുകൊണ്ടാണ് എനിക്ക് വിഷയത്തിൽ ഇടപെടേണ്ടി വന്നതും വിഷയം പുറംലോകത്തെ അറിയിക്കേണ്ടി വന്നതും. അതുകൊണ്ടാണ് എനിക്ക് ഈ അനുഭവമുണ്ടായത്. എന്റെ ജോലിയാണ്…എന്റെ ജീവിതമാണ്….എന്റെ ജീവിതം ഇങ്ങനെയാക്കിയതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും മേലധികാരികളും എനിക്ക് ഉത്തരം നൽകണം.’ – ഷിനു പറഞ്ഞു.
ഇന്ന് രാവിലെ ക്ലിനിക്കിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ക്ലിനിക്ക് ഉടമ ജോലിക്ക് വരേണ്ടെന്ന കാര്യം ഷിനുവിനെ ഫോണിലൂടെ അറിയിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ താൻ മരവിച്ച് നിൽക്കുകയാണെന്നും ഷിനു പ്രതികരിച്ചു. സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനിൽ ഇതെ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് ഇതിന് പിന്നാലെ ഷിനു ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കടുത്ത പനിയുമായി ഒരു വ്യക്തി ഷിനുവിനെ കാണാൻ ക്ലിനിക്കിൽ എത്തുന്നത്. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ഇയാൾക്ക് 102 ഡിഗ്രി പനിയുണ്ടായിരുന്നു. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ തിയതി ചോദിച്ചപ്പോൾ യുവാവും അദ്ദേഹത്തിനൊപ്പം ഇയാളുടെ ഭാര്യയും രണ്ട് തിയതിയാണ് പറഞ്ഞത്. ഇതിൽ അവ്യക്തത തോന്നിയ ഡോക്ടർ ഇവരുടെ വിവരങ്ങൾ ചോദിച്ചുവെങ്കിലും സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതൽ ഒന്നും പറയാൻ അയാൾ തയ്യാറായില്ലെന്നും ഡോക്ടർ പറഞ്ഞു. ഇതിന് പിന്നാലെ തന്റെ സംശയം ആരോഗ്യ വകുപ്പിലും പൊലീസിലും അറിയിച്ചു. ഇയാൾ തിരിച്ച് ഖത്തറിലേക്ക് പോയി എന്നാണ് വിവരം. ഇക്കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയതിനാണ് നിലവിൽ ഷിനു നടപടി നേരിടുന്നത്.
രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും താൻ പുറത്തു വിട്ടിട്ടില്ല. ക്ലിനിക്ക് ഉടമ പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളതെന്ന് ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി ഉടമ ചോദിച്ചത് കുറേ സ്വാർത്ഥമായ ചോദ്യങ്ങളാണെന്നും ഷിനു കുറിച്ചു. ‘നിങ്ങൾക്കൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.’ഷിനു കൂട്ടിച്ചേർത്തു.
കൊറോണ ലക്ഷണങ്ങൾ പ്രകടമായിട്ടും പലരും ഹോം ക്വാറന്റൈന് വിധേയമാകാത്തതും ആശുപത്രിയിൽ ചികിത്സ തേടാത്തതുമാണ് രോഗം പടർന്നുപിടിക്കാൻ കാരണം. കടുത്ത പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിലോ ആശുപത്രിയിലോ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പും മാധ്യമങ്ങളും ആവർത്തിക്കുമ്പോഴും കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് വിവരം നൽകിയ ഒരു ഡോക്ടർക്ക് ഇവിടെ ജോലി നഷ്ടപ്പെടുന്നു എന്നത് ഞെട്ടിക്കുന്നതാണ്.
Story Highlights – Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here