Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (13-04-2020)

April 13, 2020
Google News 1 minute Read

പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു: മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ എത്രയും വേഗം കേരളത്തില്‍ എത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ആവര്‍ത്തിച്ച് പെടുത്തിയിട്ടുണ്ട്. ഇന്നും വിശദമായ കത്ത് പ്രധാനമന്ത്രിക്ക് അയച്ചു. യാത്രാനിരോധനം മൂലം വിദേശങ്ങളില്‍ കുടുങ്ങിയവരില്‍  സന്ദര്‍ശക വിസയില്‍ പോയവരുമുണ്ട്. ഇവര്‍ക്ക് മടങ്ങാനാവുന്നില്ല. വരുമാനം ഇല്ലാത്തതിനാല്‍ അവിടെ ജീവിതം അസാധ്യമാകുന്നു. ഇവര്‍ക്കും മറ്റ് അടിയന്തര ആവശ്യമുള്ളവരോ പ്രയാസങ്ങള്‍ നേരിടുന്നവരോ ആയ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്; 19 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതും. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ രോഗമുക്തരായി. കാസര്‍ഗോഡ് ജില്ലയില്‍ 12 പേരുടെയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ മൂന്ന് പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് ഇന്ന് രോഗമുക്തരായത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 796 പേര്‍ക്ക്; 15 ജില്ലകള്‍ കൊവിഡ് വിമുക്തമായി

രാജ്യത്ത് 24 മണിക്കൂറിനിടെ 796 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 897 പേര്‍ക്ക് രോഗം ഭേദമായി. 9152 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 35 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചതില്‍ 15 ജില്ലകള്‍ കൊവിഡ് വിമുക്തമായി. ഇതില്‍ കേരളത്തില്‍ നിന്ന് വയനാടും കോട്ടയവും ഉള്‍പ്പെടുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

‘വിദേശത്തുള്ളവരെ തിരികെ എത്തിക്കാനാകില്ല’; പ്രവാസി വിഷയത്തില്‍ സുപ്രിംകോടതി

പ്രവാസി വിഷയത്തിൽ നിലപാട് അറിയിച്ച് സുപ്രിംകോടതി. വിദേശത്തുള്ള ഇന്ത്യക്കാനെ നിലവിലെ സാഹചര്യത്തിൽ മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. പ്രവാസികൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

ലോക്ക് ഡൗണില്‍ തീരുമാനമായില്ല; ജില്ലാന്തര യാത്രകളില്‍ ഇളവ് വേണ്ടെന്ന് ധാരണ

സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവിൽ ഇന്നും തീരുമാനമായില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. ജില്ലാന്തര യാത്രകളിൽ ഇളവ് നൽകേണ്ടതില്ലെന്ന് ധാരണയായി.

കാസര്‍ഗോഡ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ബിജെപിക്കാരുടെ രാഷ്ട്രീയ സഹായ അഭ്യര്‍ത്ഥന; വിവാദം

കാസർഗോഡ് കാഞ്ഞങ്ങാട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രാഷ്ട്രീയ പ്രത്യുപകാരം ചോദിച്ച് ബിജെപി പ്രവർത്തകർ. കാഞ്ഞങ്ങാട് നഗരസഭയിലാണ് സംഭവം. ബിജെപി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സന്നദ്ധ സേവനത്തിന്റെ മറയിൽ പ്രത്യുപകാരം ആവശ്യപ്പെട്ടത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്തായി.

സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ തുടർ കാര്യങ്ങളിൽ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ലോക്ഡൗണിന്റെ തുടർ കാര്യങ്ങളിൽ തീരുമാനം ഇന്ന്. ഹോട്ട്സ്പോട്ട് ജില്ലകളിൽ രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ തുടരും. ഏതൊക്കെ മേഖലകളിൽ ഇളവാകാം എന്നത് മന്ത്രിസഭാ യോഗം തീരുമാനിക്കും. രാവിലെ പത്തിനാണ് യോഗം.

ഇന്ത്യയിൽ കൊവിഡ് മരണം 308 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 35 പേർ

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 308 ആയി. 35 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 9152 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 856 ആയി.

Story Highlights- News Round Up,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here