Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20-04-2020)

April 20, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു; 2,842 പേര്‍ രോഗമുക്തരായി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു. 17,656 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,540 പോസിറ്റീവ് കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 559 ആയി.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്; 21 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറുപേരും കണ്ണൂര്‍ ജില്ലക്കാരാണ്. അതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് രോഗവ്യാപനം കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് രോഗബാധയുടെ ഗതിയില്‍ കൃത്യമായ മാറ്റമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധ നടപടികള്‍ ഫലം കാണുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്ത് രോഗ വ്യാപനം കുറഞ്ഞു. 18 സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളില്‍ പുരോഗതിയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

ബാർബർ ഷോപ്പ് തുറക്കില്ല; ഹോട്ടലുകളിൽ ഭക്ഷണം വിളമ്പില്ല; ലോക്ക്ഡൗൺ ഇളവുകൾ ഭേദഗതി ചെയ്ത് കേരളം

കേരളത്തിന് കേന്ദ്രം നൽകിയ മുന്നറിയിപ്പിന് പിന്നാലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ തിരുത്തി കേരളം. ബാർബർ ഷോപ്പുകൾ, ഹോട്ടലുകൾ, വാഹന ഗതാഗതം എന്നിവയിൽ കേരളം ഇളവുകൾ പ്രഖ്യാപിച്ചതിലാണ് കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചത്. ഇതിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് നിലവിൽ സംസ്ഥാന സർക്കാർ.

രാജ്യാന്തര മരുന്ന് കമ്പനിയായ ഫൈസറുമായി സ്പ്രിംക്‌ളറിന് ബന്ധം; വിവരങ്ങൾ ചോർത്തിയേക്കുമെന്ന് ആരോപണം

ഡേറ്റ വിവാദത്തിൽപ്പെട്ട സ്പ്രിംക്‌ളർ കമ്പനിക്ക് രാജ്യാന്തര മരുന്ന് കമ്പനിയായ ഫൈസറുമായി ബന്ധം. ഫൈസർ മരുന്ന് കമ്പനിക്ക് സ്പ്രിംക്‌ളർ ഡേറ്റ കൈമാറുന്നുണ്ട്. നിലവിൽ കൊവിഡ് പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ഫൈസർ.

മാർഗനിർദേശങ്ങൾ ലംഘിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലംഘിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേരളം ഇളവ് പ്രഖ്യാപിച്ചുവെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Story Highlights- news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here