Advertisement

ലോകം വെറുമൊരു കടലാസ് കപ്പൽ

June 20, 2020
Google News 2 minutes Read
story

വിനോദ് കൃഷ്ണ/അനുഭവക്കുറിപ്പ്

സംവിധായകനും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ.

ആകാശം എനിക്കിഷ്ട്ടമാണെങ്കിലും വിമാന യാത്ര എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് തന്നെ ദേശാന്തര യാത്രകൾ ഒന്നും ഞാൻ ജീവിതത്തിൽ ചെയ്തിരുന്നില്ല, ചൈനയിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നതുവരെ. ഞാൻ സംവിധനം ചെയ്ത ഈലം എന്ന സിനിമ ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ എൻട്രി ലഭിച്ചതോടെയാണ് ആകാശ യാത്രക്ക് ഞാൻ നിർബന്ധിതനായത്. അങ്ങനെ ആദ്യത്തെ വിമാന യാത്ര 18 മണിക്കൂർ ദൈർഘ്യം ഉള്ളതായി. സിങ്കപ്പൂർ ആയിരുന്നു ട്രാൻസിറ്റ്. അവിടുത്തെ എയർപോർട്ടിലാണ് ഞാൻ കോറോണയുടെ ആദ്യ സൂചന കാണുന്നത്. ഫ്ളൈറ്റ് ചെക്ക് ഇൻ ക്യൂവിൽ നിൽക്കുമ്പോൾ നിങ്ങൾ ചൈന സന്ദർശിച്ചിട്ടുണ്ടോ എന്ന് സെക്യൂരിറ്റി ജീവനക്കാർ പലരോടും ചോദിക്കുന്നത് കണ്ടു. അവിടെ നിന്നുള്ളവരെ മാറ്റിനിർത്തുന്നുമുണ്ട്. പക്ഷേ ഏതാനും മാസങ്ങൾക്കുള്ളിൽ ലോകത്തെ പിടിച്ചു കുലുക്കുന്ന ഒന്നാകുമിത് എന്ന് ഞാനും കരുതിയില്ല.

ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഈലം മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയതിനാൽ ഒരാഴ്ച കൂടി അവിടെ ചുറ്റിയടിക്കാം എന്ന് വിചാരിച്ചാണ് ടിക്കറ്റ് വീണ്ടും നീട്ടിയത്. അപ്പോഴേക്കും ന്യൂയോർക്കിൽ നിന്ന് അപായ വാർത്തകൾ വന്നുതുടങ്ങിയിരുന്നു. ഞാൻ താമസിച്ച കാലിഫോർണിയയിലെ, വെള്ളം സിനിമയുടെ നിർമാതാവ് കൂടിയായ ജോസ് കുട്ടിയുടെ വീട് ഫെയർഫീൽഡിൽ ആയിരുന്നു. അവിടെ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. സ്റ്റേ അറ്റ് പ്ലേസ് ടൈപ്പിൽ വന്നിരുന്നുമില്ല. ജീവിതം സാധാരണമായിരുന്നു. അതിനാൽ കുറേ ഏറെ സ്ഥലങ്ങൾ പുള്ളിക്ക് ഒപ്പം പോയിക്കണ്ടു. കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടെന്നാണ്. ലോക്ക് ഡൗൺ വന്നു. ആളുകൾ പരിഭ്രാന്തരായിരുന്നു. ഡോളർ സ്റ്റോറിൽ അപാര തിരക്കായിരുന്നു. ഏതെടുത്താലും ഒരു ഡോളർ മാത്രമുള്ള ഇത്തരം സ്റ്റോറുകളിൽ കുറഞ്ഞ വരുമാനക്കാരും ഹോം ലസുകളും ആണ് സാധാരണ ഉപഭോക്താക്കളായി എത്തുന്നത്, എന്നാൽ അവിടെ പണക്കാരും ഇടിച്ചുകയറി സാനിറ്റൈസറും നാപ്കിനും നിത്യോപയോഗ ഭക്ഷ്യവസ്തുക്കളും വാങ്ങി കൂട്ടി. പാവപ്പെട്ടവർ അവിടെയും പിന്തള്ളപ്പെട്ടുപോയി. സാധനം കിട്ടാതെ കരയുന്ന, ഫുഡ് സ്റ്റാമ്പ് ഉള്ള ഒരു വൃദ്ധയെ ഞാൻ അവിടെ കണ്ടു. പാവപ്പെട്ടവർക്കും വരുമാനമില്ലാത്തവർക്കും ഫുഡ്, മരുന്ന് എന്നിവ വാങ്ങാൻ സർക്കാർ കൊടുക്കുന്ന പ്ലാസ്റ്റിക് മണിയാണ് ഫുഡ് സ്റ്റാമ്പ്. മഹാമാരി ഇല്ലാത്തവനെയാണ് കൂടുതൽ പാപ്പരാക്കുന്നത്.

ഞാൻ 99 ദിവസമായി അമേരിക്കയിൽപ്പട്ടു കിടക്കുകയാണ്. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. മരണത്തിന്റെ കണക്കുകൾ മാത്രം കേൾക്കുന്നത് കൊണ്ട് ചാനൽ കാണുന്നില്ല. പത്രം ഓൺലൈനിൽ വായിക്കുമ്പോഴും ആധിയാണ്. അതിനേക്കാൾ പേടിയാണ് പുറത്തിറങ്ങുമ്പോൾ ഉണ്ടാവുന്നത്. ഇവിടെ ചില ഇടങ്ങളിൽ കടുത്ത വർണവിവേചനം ഉണ്ട്. സ്റ്റേ സിക്സ് ഫീറ്റ് അപാർട്ട് എന്നത് ഫ്രീ വേ സൈൻ ബോർഡുകളിലും പാർക്കുകളിലും ഒക്കെ കാണുമ്പോൾ ഈ യാഥാർഥ്യം കൂടി ഓർമ വരും. കൊവിഡ് കാലത്ത് തന്നെയാണ് ഇവിടെ ആഫ്രിക്കൻ അമേരിക്കനെ വെടിവെച്ചും കഴുത്ത് ഞെരിച്ചും പട്ടാപകൽ കൊന്നത്. മഹാമാരിയോ മഹായുദ്ധമോ മനുഷ്യന്റെ മനസ് മാറ്റുന്നില്ല എന്നതാണ് ഇതെല്ലാം കാണിക്കുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട പാലമാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്. അത്ഭുതപ്പെടുത്തുന്ന എൻജിനീയറിംഗ് രമണീയമായ പ്രകൃതി ചരിത്രമുറങ്ങുന്ന നഗരത്തിന്റെ നെടുംതൂൺ. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് സഞ്ചാരികളുടെ ഇഷ്ട ഇടമാണ്. എപ്പോഴും വൻ തിരക്കാണ്. വെള്ളത്തിന്റെ നിർമാതാക്കളിൽ ഒരാളായ ജോസ് കൂട്ടി മഠത്തിലിനൊപ്പമാണ് കൊറോണ പൊട്ടിപുറപ്പെടുന്നതിനും സ്റ്റേ അറ്റ് പ്ലേസ് ഓർഡർ വരുന്നതിനും രണ്ടാഴ്ച മുമ്പേ ഞാൻ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് കാണാൻ പോയത്. ഇന്നവിടെ ശൂന്യമാണ്. ഒരു വയറസ് എല്ലാ വിസ്മയ കാഴ്ചകളെയും അടച്ചു കളഞ്ഞിരിക്കുന്നു. ദിവസവും ആയിരകണക്കിന് വാഹനങ്ങൾ ആണ് ബ്രിഡ്ജ് വഴി കടന്നു പോകുന്നത്. ‘ഒരുദിവസം ടോൾ ഇനത്തിൽ മാത്രം മൂന്ന് ലക്ഷം ഡോളർ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് അതോറിറ്റിക്ക് നഷ്ട്ടം ഉണ്ടാവുന്നു. പുലർച്ചെ 5 മണി മുതൽ രാവിലെ പത്തുമണിവരെ 6700 വാഹനങ്ങൾ മാത്രമാണ് കടന്നുപോയത്. ഇതിൽ തന്നെ 70% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്’, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് ഡിസ്ട്രിക്ട് മാനേജർ ഡെന്നിസ് മുള്ളിഗൻ പറയുന്നു. ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ കൊവിഡ് എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണമാണിത്.

ശവദാഹമാണ് ഇപ്പോൾ ഇവിടെ തഴച്ചു വളരുന്ന ബിസിനസ്. സോഷ്യൽ ഡിസ്റ്റൻസിംഗ് കാരണം ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഉയർന്ന സാങ്കേതിക നിലവാരത്തിലുള്ള സ്ട്രീമിംഗ് ആണ്. വലിയ കമ്പനികൾ ഇതെല്ലാം ഏറ്റെടുത്തു നടത്തുന്നു.വലിയ ചിലവുള്ള സംഗതിയായി ശവദാഹം മാറിയത് ഒരു വയറസ് കാരണം ! ന്യൂയോർക്കിൽ മരിച്ചു വീഴുന്ന മനുഷ്യരെ കൂട്ടത്തോടെ അടക്കുന്നത് ജയിൽ പുള്ളികളെ ഉപയോഗിച്ചാണ്. ഞാൻ അവിടെ പോകാനിരുന്നതായിരുന്നു. ഫ്ലൈളറ്റ് മുടങ്ങിയതിനാലാണ് യാത്ര മുടങ്ങിയത്. ഇല്ലെങ്കിൽ അവിടെ പെട്ടുപോയേനെ. ഇവിടെ കൊറോണ പടർന്നുപിടിച്ചത് പല കാരണങ്ങൾ കൊണ്ടാണ്. അതിലൊന്ന് രാഷ്ട്രീയ പാപ്പരത്തവും മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതൃത്വവും ഇല്ലാത്തതാണ്. ന്യൂയോർക്കിലെ ജനസാന്ദ്രത സ്‌ക്വയർ കിലോമീറ്ററിന് 12,000- 20,000 ആണ്, കേരളത്തിൽ 860. ലോകത്തെ മുഴുവൻ ബന്ധപ്പെടുത്തുന്ന എയർ റൂട്ടുകൾ ന്യൂയോർക്കിലേക്കുണ്ട്, ലക്ഷക്കണക്കിനുപേരാണ് അവിടേക്കുവരുന്നത്. ചൈനയിലെ വുഹാനിൽ ജനുവരിയിലാണ് രോഗം വ്യാപിച്ചത്. എന്നാൽ ഫെബ്രുവരി രണ്ടിനാണ് ന്യൂയോർക്ക് വിമാനത്താവളം ഭാഗികമായി അടച്ചത്. പൂർണമായി വിമാനത്താവളം അടക്കാനാകില്ല, കാരണം അവിടത്തെ 20 ശതമാനം പേരും വിദേശത്തുനിന്ന് വരുന്നവരാണ്. അതിനകം, 4,30,000 ചൈനക്കാർ അമേരിക്കയിലെത്തിയിരുന്നു. വൂഹാനിൽനിന്ന് മാത്രം 40,000 പേർ അമേരിക്കയിലെത്തി.

ഈ വസ്തുതകൾ മുൻകൂട്ടി കണ്ടു മുൻകരുതലുകൾ എടുക്കാനും നടപടികൾ തുടങ്ങാനും വൈകി. അമേരിക്കയിലേക്കുള്ള ഫ്ളൈറ്റ് നിരോധിച്ചപ്പോൾ, ചൈനക്കാർ മിലാനിൽ ചെന്നിറങ്ങി. അവിടെ നിന്ന് ന്യൂയോർക്കിലേക്ക് കണക്ഷൻ ഫ്ളൈറ്റ് എടുത്തു. ഇങ്ങനെ സാമൂഹിക വ്യാപനം എളുപ്പത്തിൽ നടന്നു. ഇവിടെ കൊറോണക്ക് മുന്നിൽ ശാസ്ത്രമല്ല തോറ്റത്, ടെക്നോളജിയല്ല തോറ്റത്, രാഷ്ടീയ വിവരക്കേടാണ്. നമ്മൾ പലരും കൊറോണ നിയന്ത്രിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടു എന്നു പറയുന്നുണ്ട്. അത് ഭരണ പരാജയമാണ്. അല്ലാതെ അവർക്ക് കഴിവില്ലാത്തതുകൊണ്ടോ അതിന്റെ സാങ്കേതികത അറിവില്ലാത്തതുകൊണ്ടോ അല്ല. ഇന്ന് കൊറോണക്കെതിരെ നാം ഉപയോഗിക്കുന്നവയിൽ 90 ശതമാനം സാങ്കേതികവിദ്യയും അമേരിക്കയുടേതാണ്. കൊവിഡ് രോഗനിർണയത്തിന് അത്യന്താപേക്ഷിതമായ പി.സി.ആർ സങ്കേതികവിദ്യ (Polymerase Chain Reaction-PCR) കണ്ടുപിടിച്ചത് അമേരിക്കൻ ബയോളജിസ്റ്റും ശാസ്ത്രജ്ഞനുമായ കാരി ബാങ്ക്‌സ് മുല്ലിസ് ആണ്, 1993ൽ 49ാം വയസ്സിൽ അദ്ദേഹത്തിന് നോബൽ സമ്മാനവും ലഭിച്ചിരുന്നു.

മൂന്ന് മാസം മുമ്പ് കൊവിഡ് 19 നെ ഭയത്തോടെ കണ്ട ജനങ്ങൾക്ക് ഇപ്പോൾ പഴയ ഭീതി ഇല്ല. ഈ രോഗം നിശബ്ദ ശത്രു ആയി ഇപ്പോഴും കൂടെ ഉണ്ടാവും എന്ന മാനസികാവസ്ഥയോടെ ആണ് എല്ലാവരും പുറത്തിറങ്ങുന്നത്. മരണത്തോടും രോഗത്തോടും പൊരുത്തപ്പെടാൻ അവൻ ധൈര്യപ്പെട്ടിരിക്കുന്നു. ഒറ്റപ്പെടലും ഏകാന്തതയും ക്രിയാത്മകമായി ആസ്വാദിക്കാനും പഠിച്ചിരിക്കുന്നു. ഞാൻ ഇത് പ്രാക്റ്റീസ് ചെയ്തത് കൊറോണ കാലത്ത് രണ്ട് ദിവസം പാരിസിൽ നിന്നുള്ള ഒരു നീഗ്രോ സുഹൃത്തിനൊപ്പം ഒരു ബാറിൽ അകപ്പെട്ടപ്പോൾ ആയിരുന്നു. കൊറോണ കാരണം യാത്ര വിലക്കുള്ളതിനാൽ ഒരു ചങ്ങാതിയുടെ കാരുണ്യം കൊണ്ട് അടച്ചിട്ട ബാറിൽ ഒരു രാത്രിയും രണ്ടു പകലും കഴിയേണ്ടി വന്നു. ഹോട്ടലിൽ മുറിയെടുത്താൽ കീശ ചോരും എന്നുള്ളതിനാലാണ് യാത്രക്കുള്ള കാർ വരും വരെ അവിടെ താങ്ങാൻ തീരുമാനിച്ചത്. അടുക്കളയിൽ പാകം ചെയ്തു കഴിക്കാനുള്ളതെല്ലാം ഉണ്ടായിരുന്നു. പക്ഷേ നാട്ടിലെത്തുമോ കുടുംബത്തെ കാണുമോ, ചങ്ങാതിക്ക് കാറുമായി ഉടനെ വരാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊക്കെയുള്ള ഭയം കാരണം അവിടെ സുലഭമായ മദ്യമോ നല്ല ഭക്ഷണമോ കഴിക്കാൻ തോന്നിയില്ല. അവിടുത്തെ ഉപയോഗ ശൂന്യമായ മെഷർ ഔൺസ് പോലെ ഞങ്ങൾ രണ്ടു മനുഷ്യത്മാക്കൾ അധികമൊന്നും സംസാരിക്കാതെ കഴിച്ചു കൂട്ടി. രണ്ടാം ദിവസം ചങ്ങാതി എത്തിയപ്പോൾ ആണ് ശ്വാസം നേരെ വീണത്. പുറത്തു ഇറങ്ങിയപ്പോൾ ആ ഗ്രാമത്തിന്റെ ടാഗ്‌ലൈൻ കണ്ടു, ‘live locally’. ഈ മഹാമാരി എല്ലാ യാത്രികരേയും പ്രാദേശികവാസികൾ ആക്കിക്കളഞ്ഞിരുന്നു. എല്ലാ അതിർത്തികളെയും ഭാഷകളേയും സംകൃതികളെയും വിജ്ഞാനത്തെയും അത് അടച്ചു കളയുകയോ ഉപയോഗശൂന്യമാക്കുകയോ ചെയ്തു. ഈ വൈറസ് ഉത്പാദിപ്പിച്ച പുതിയ മതം ഭയമാണ്. ആദിമ മനുഷ്യൻ ആദ്യമായി തീ കണ്ടതുപോലെ ആധുനിക മനുഷ്യൻ വിരണ്ടുപോയിരിക്കുന്നു. ഈ വയറസിന് മുന്നിൽ ലോകം വെറുമൊരു കടലാസു കപ്പൽ ആയി പോയി. എനിക്ക് എന്നാണിനി നാടുകാണാനാവുക. എന്റെ ദയകുട്ടിയെ ഉമ്മവയ്ക്കാൻ ആവുക?

ഞാൻ കാലിഫോർണിയയിലെ, ഫെയർ ഫീൽഡിൽ ജോസ് കുട്ടി ഷിജി മാത്യു ദമ്പതികളുടെ വീട്ടിൽ ആണ് 125 ദിവസത്തോളം കഴിഞ്ഞത്. അവരുടെ ഏഴു വയസുകാരി നാഥിലി ആൻ, മകൻ പത്താം ക്ലാസ് വിദ്യാർത്ഥി നാഥൻ എന്നിവരായിരുന്നു ഈ തടങ്കൽ കാലത്ത് എന്റെ കൂട്ടുകാർ. അവരുടെ അടുത്ത് നിന്ന് ഞാൻ പലതും പഠിച്ചു. കുട്ടികൾ ഗുരുനാഥൻ മാരാകുമ്പോൾ ആണ് നാം ഉൾവെളിച്ചമുണ്ടാക്കുന്ന കാര്യങ്ങൾ പഠിക്കുക. വീട്ടിൽ അടഞ്ഞിരിക്കുമ്പോളും ലോകം വിശാലമാക്കിയത് ഇവരുടെ സാനിധ്യം ആണ്. ഞാൻ ഇവിടെ വന്നത് വസന്തകാലത്താണ്, ഇപ്പോൾ വേനൽ തുടങ്ങി. തെളിഞ്ഞ ആകാശത്തിലൂടെ പോകുന്ന വിമാനങ്ങൾ കാണാം. അതിലൊന്നിൽ ഇരുന്നു ഞാൻ കടൽ കടക്കും. മഹാമാരികൾക്ക് മനുഷ്യനെ എത്രനാൾ ചിറക് അരിഞ്ഞു നിർത്താനാവും. മനുഷ്യരാശി എന്നത് അതിജീവനത്തിന്റെ പേരുകൂടിയാണ്.

story highlights-life story,  lokam verumoru kadalasu kappal, vinod krishna, readers blog

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here