മറന്നുവച്ചൊരു കുട

നജ്മ നവാർ/ കവിത

ജേണലിസം ബിരുദാനന്തര ബിരുദധാരിയാണ് ലേഖിക.

ഞാൻ ഒരിക്കൽ മറന്നുവച്ച ഒരു കുടയുണ്ട്.
കെഎസ്ആർടിസി ബസിന്റെ പുറകിലത്തെ സീറ്റിന് താഴെ
അത് നനഞ്ഞു കിടപ്പുണ്ടെന്ന് ഓർമ്മ വന്നിട്ടും,
‘അയ്യോ എന്റെ കുടയെന്ന്’ അന്വേഷിച്ചു ചെല്ലാതെ
ചാറ്റൽമഴയിലേക്ക് മനപൂർവ്വം
ഞാൻ ഇറങ്ങി നടന്ന, ഒരു കുട.

പണ്ടൊരു ഈസ്റ്ററിന്റെ തലേന്ന്
താഴെ വീട്ടിലെ റോസാമ്മ ചുട്ട
കള്ളപ്പത്തിന്റെ മണം എന്റെ മൂക്കിന്റെ പാളം തെറ്റിച്ച അന്ന്,
മഴയുടെ ഒരു നിഴൽ പോലും ആകാശത്തില്ലാതിരുന്ന,
മഴപ്പാറ്റകളെല്ലാം മൺപുറ്റിൽ ഇരുന്ന് ചിറക് കൊഴിഞ്ഞ് മരിച്ചുവീണ അന്നാണ്
ചാച്ചൻ എനിക്കാ കുടയുമായെത്തിയത്.

മുഷിഞ്ഞ ചാക്ക് പൊതി ഇടത്തെ കക്ഷത്തുവച്ച്
ചെളിപിടിച്ച കൈലി മുണ്ടിൽ തട്ടാതെ
വലത്തെ കയ്യിൽ ചാച്ചൻ അതൽപം നീട്ടി പിടിച്ചിരുന്നു.

കാറ്റത്തു പാറുമെന്ന് പറഞ്ഞ്
കരിമ്പൻ കുത്തിയ യൂണിഫോമിനെ ഷാളിനടിയിൽ പൊതിഞ്ഞുകൊണ്ടാണ് ഞാനത് ആദ്യമായ് സ്‌കൂളിൽ കൊണ്ടു പോയത്.
പിന്നൊരിക്കൽ കണക്ക് മാഷിന്റെ ചൂടൻ നോട്ടം വകവയ്ക്കാതെ,
ഹരണവും ഗുണനവും താഴെയിട്ട്,
വരാന്തയിൽ നിവർത്തിവച്ച കുട പാറിപ്പോകുമെന്ന് പറഞ്ഞ് ഞാൻ ഇറങ്ങിയോടിയതും എനിക്കോർമ്മയുണ്ട്.

ആദ്യത്തെ വില്ലൊടിഞ്ഞ അന്ന് ചാച്ചന്റെ കുഴിമാടത്തിൽവച്ച്

മഞ്ഞ റോസാചെടിയുടെ താഴെ കൊമ്പിൽ മരിച്ചു ചിരിച്ച ഒരു റോസാപ്പൂ വിരിഞ്ഞു നിന്നു.

പിന്നെ അങ്ങാടിയിലെ പഴയ പച്ചക്കറി കടയുടെ തിണ്ണയിൽ ഇരുന്ന ചെരുപ്പുകുത്തിയുടെ കയ്യിലെ കുടക്കമ്പികൾ എത്രയെത്രയാ കുടയിൽ കയറിയിറങ്ങിപ്പോയി.

അന്ന് ഞാൻ ആദ്യമായി വീടുവിട്ട് ഹോസ്റ്റലിലേക്ക് ചേക്കേറിയപ്പോൾ,
ട്രെയിനിന്റെ ബർത്തിലിട്ട എന്റെ വലിയ ബാഗിൽ
ഉടുതുണികൾക്കും പുസ്തകത്തിനും ഹോസ്റ്റലിൽ ഇടാനായി തപ്പിയെടുത്ത ഒരു ജോഡി പഴയ ഹവായി ചെരുപ്പിനും താഴെ ആ കുടയുമുണ്ടായിരുന്നു.

ആദ്യത്തെ ദിവസം
കോളജ് ഗേറ്റ് കടന്ന് വരാന്തയിലേക്ക് കയറും വരെ മഴ ഒട്ടു പരിഭവത്തോടെ തന്നെ ചിണുങ്ങിയിട്ടും,
സ്‌നേഹത്തോടെ ഒന്ന് മടക്കി പിടിക്കാൻ പോലും മറന്ന്
പുത്തൻ ചുരിദാറിന്റെ ഷാളിനടിയിൽ ഞാനത് ഒളിപ്പിച്ചു പിടിച്ചു.

പിന്നെ മഴയുള്ളൊരു ദിവസം
നിറയെ പുള്ളികളും അറ്റത്ത് മുത്തുകളുമുള്ള
എന്റെ കൂട്ടുകാരിയുടെ കുടയിലേക്ക് ഓടി കയറിയപ്പോൾ
‘നിന്റേൽ കുടയില്ലേ’ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഞാൻ ഉത്തരം പറഞ്ഞത്.

രണ്ടു വർഷങ്ങൾക്കപ്പുറം പിന്നെയവൾ ഒന്ന് പനിച്ചു കിടന്നപ്പോഴാണ് അറ്റത്ത് പാറ്റ കടിച്ച ഓട്ടകൾ വകവയ്ക്കാതെ ഞാനെന്റെ കുടയുമായൊളിച്ചു വന്ന് പെരുമഴയിലേക്കിറങ്ങി നടന്നത്.

ഡിഗ്രി കഴിഞ്ഞു വീട്ടിൽ വന്ന എന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ കുത്തിനിറച്ച പഴയ ബാഗിൽനിന്ന് അമ്മയത് വീണ്ടും കണ്ടെത്തി ‘ആവശ്യം വരു’മെന്ന പെട്ടിയിൽ ഇട്ടുവച്ചു.

തുരുമ്പിച്ച കുടക്കാൽ ഊരി ഞാൻ ഒരിക്കൽ അനിയന് നാല് പെട കൊടുത്തപ്പോൾ ചാച്ചന്റെ വിയർപ്പാണെന്ന കണ്ണീര് കൊണ്ടാണ് അമ്മയത് വിളക്കിച്ചേർത്തത്ത്.

ഒരു പെരുമഴക്കാലത്ത്
ദീർഘസുമംഗലിയായി ഞാൻ വീട്ടിൽ നിന്നിറങ്ങിയപ്പോൾ

എന്നെ കാണാൻ വന്ന ഏതോ പല്ലില്ലാത്ത അമ്മാമ്മയ്ക്കമ്മയത് നിവർത്തി കയ്യിൽ കൊടുത്തു.

പിന്നെ പിന്നെ മനസ്സിൽ തട്ടി മറിഞ്ഞു വീണു ഓർമ്മക്കൂട്ടിൽ നിന്നേതോ ഇരുട്ടിലേക്ക് ഉരുണ്ടു പോയ ഓർമയില്ലാത്തൊരോർമയായത് മാറി.

ചാച്ചന്റെ തൊട്ടടുത്ത് അമ്മക്ക് കെട്ടിപ്പടുത്ത പുത്തൻ ഗ്രാനൈറ്റ് കുഴിമാടത്തിന് പൈസ എണ്ണി കൊടുക്കാൻ പോയ അന്നാണ് ഞാനത് മറന്നുവച്ചത്.

മനപൂർവ്വം ആണെങ്കിലും മറന്നുവച്ചതാണ്.
പിന്നെ ഒരിക്കലും എന്റെ സ്വപ്നത്തിൽ ഞാനൊരു കുടചൂടി നടന്നിട്ടില്ല.

story highlights-poem, Marannuvachoru kuda, najma navar, readers blog

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top