ഭ്രാന്തൻ

bhranthan

മാത്യു പോൾ/ കഥ

എറണാകുളം കൊച്ചിൻ കോളജിൽ രണ്ടാം വർഷ ബികോം ബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ.

വിദ്യാർത്ഥികളുടെ ഒരു കടലിരമ്പം തന്നെയായിരുന്നു അത്. ചുറ്റിനും പാഠപുസ്തകങ്ങളുടെ രൂക്ഷഗന്ധം. വിദ്യാർത്ഥികളെ ജയിൽ പുള്ളികളെ പോലെ നിരീക്ഷിക്കുന്ന ക്യാമറക്കണ്ണുകൾ. ജീവിതത്തെ കിളിക്കൂടിലെ കമ്പികൾക്കിടയിലൂടെ നോക്കുന്ന പല പക്ഷികളെയും അവിടെ കണ്ടു. പുറമെയുള്ള ഭ്രാന്തർ ആയ മനുഷ്യരിൽ നിന്ന് വ്യക്തവും സ്പഷ്ടവുമായി സ്വന്തം വഴി തെരഞ്ഞെടുത്തു എന്ന് കരുതുന്നവർ.
എന്നാൽ ക്യാമറ കണ്ണുകളെ കടത്തിവെട്ടി അതിൽ ഒരു ഭ്രാന്തനും കയറിയിരുന്നു.

നിശബ്ദമായ ഇടനാഴികളിൽ കൃത്രിമ കണ്ണുകളുടെ കണ്ണുവെട്ടിച്ചു അവൻ ഉച്ചത്തിൽ അലറി ‘വരൂ സോദരാ നമുക്ക് പുഴയുടെ തീരത്തു പോകാം, ആറ്റിലിറങ്ങി കുളിക്കാം, സന്ധ്യ മയങ്ങുമ്പോൾ അന്തിക്കള്ള് നുകരാം….’ ചുറ്റിനും ഇരുന്നവർക്ക് ചിരിപൊട്ടി.

‘നിനക്ക് മുന്നേ ഞങ്ങൾ ഇതെല്ലാം കണ്ടതാ, പൈപ്പ് തുറന്നാൽ നീന്തിത്തുടിക്കാൻ സ്വന്തമായി പുഴയുണ്ട് ഞങ്ങൾക്ക്. യന്ത്രകൈകൾ ഉപയോഗിച്ച് പ്രളയവും തിരമാലയും ഞങ്ങൾ ഉണ്ടാക്കും. സന്ധ്യയായാൽ ചുണ്ടോടുചേർക്കാൻ വിദേശമദ്യങ്ങളുടെ ഒരു ശേഖരം തന്നെ ഞങ്ങൾക്കുണ്ട്’.ഭ്രാന്തന് ജാള്യം തോന്നി. പൈപ്പ് തുറന്നൊഴുകുന്ന പുഴയെ അവൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ‘എങ്കിലോ കാവിൻ നടുക്ക് പോയാലോ? ചിരി പൊട്ടുന്ന കാട്ടാറിൻ കരയിൽ വെട്ടുകിളികളെ നോക്കിയിരിക്കാം..

തകഴിയും എംടിയും എഴുതിയ കഥകളും കല്പറ്റയുടെ കവിതകളും പാടാം. ‘തകഴിയും എംടിയും ഏതു സമവാക്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞരാ??? ഊർജ്ജതന്ത്രത്തിലും രസതന്ത്രത്തിലും ഇവരുടെ പേരുകൾ ഇണ്ടായിരുന്നില്ലല്ലോ’. ഭ്രാന്തന് സ്വയം സംശയം തോന്നി. ‘അല്ല നിങ്ങൾ ശരിക്കും കാട് കണ്ടിട്ടുണ്ടോ? ‘ഉണ്ടെല്ലോ, റെസിഡൻസ് കാരുടെ നിർബന്ധത്തിന് വഴങ്ങി ബാൽക്കണിയുടെ ചുവരിൽ കാശ് കൊടുത്തു പിടിപ്പിച്ച പച്ചില കാടുകൾ ഞങ്ങൾക്ക് സ്വന്തമായി ഉണ്ട്.

പിന്നെ ഇവിടുള്ള പ്രദേശങ്ങളിൽ വൈദ്യുതി വരുത്താൻ അങ്ങ് അകലെ ഏതോ പാഴ്മരക്കാടുകൾ വെട്ടിയ കഥകൾ വിക്കിപീഡിയ പറഞ്ഞു തന്നിരുന്നു. ഭ്രാന്തന് വീണ്ടും സംശയം. ഇവർ പറഞ്ഞ പാഴ്മരങ്ങൾ ഞാൻ ഊഞ്ഞാല് കെട്ടിയ ചില്ലകളായിരുന്നോ..? ഭ്രാന്തൻ വീണ്ടും ചോദിച്ചു ‘ഈ മരങ്ങൾ മുറിക്കുവാതിരിക്കാൻ ആരേലും സമരം സംഘടിപ്പിച്ചിരുന്നോ?’

വീണ്ടും മുറിയിൽ ചിരിപടർന്നു ‘സമരമോ ചരിത്ര പുസ്തകത്തിൽ മൺമറഞ്ഞുപോയ സമര നേതാക്കൾ അല്ലാതെ ഇന്ന് ആര് സമരം ചെയ്യാനാ.. ‘ഭ്രാന്തന് ഭ്രാന്ത് പിടിച്ചു. സത്യവും മിഥ്യയും തമ്മിൽ വേർതിരിക്കാൻ പറ്റാത്തവന്റെ വേദന, അവൻ അലറി വിശപ്പിന്റെ സമരം നിങ്ങൾ കണ്ടിട്ടിണ്ടോ? വയറൊട്ടിയവന്റെ പാട്ടു നിങ്ങൾ കേട്ടിട്ടില്ലേ? യാചകന്റെ കണ്ണിലെ തിളക്കം നിന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ലേ?

ഇതൊന്നും കാണാതെയും കേൾക്കാതെയും ചിരിക്കുവാൻ പോലും മറന്ന് ഈ ചില്ലലമാരക്കുള്ളിൽ മരവിച്ച മനുഷ്യരെ പോലെ നിങ്ങൾക്കെങ്ങനെ ഇരിക്കുവാൻ സാധിക്കുന്നു? തനിക്ക് ചുറ്റിനും ഇരുന്നവർ വിഭ്രാന്തരായി ഭ്രാന്തന് തോന്നി അതോ അവർ മൂകരാണോ?….. എന്നോട് അവർ സംസാരിച്ചല്ലോ? തനിക്ക് ചുറ്റും മൂകതയുടെ കടലിരമ്പം ഭ്രാന്തനെ അസ്വസ്ഥനാക്കി. അതിനെ ഭേധിച്ചുകൊണ്ട് ഒരുവൻ ഭ്രാന്തന് നേരെ വന്നു. അവന്റെ തലയിലും കൈയിലും ഉള്ള മുറിവുകൾ ഭ്രാന്തൻ ശ്രദ്ധിച്ചിരുന്നു. അവൻ പറഞ്ഞു, ബുദ്ധിമാനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മത്സരബുദ്ധിയുടെ ഈ ലോകത്തിൽ സ്‌നേഹത്തിന്റെയും വിശപ്പിന്റെയും വില പറഞ്ഞു സ്വയം ഭ്രാന്തനാകരുത്. ഭ്രാന്തന് അത്ഭുതം തോന്നി’ അതിന് നിങ്ങളാരാണ്? ‘ ഒരു ഭ്രാന്തനായിരുന്നു’.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

story highlights- Bhranthan, Mathew paul, readers Blog

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top