ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (02-07-2020)

headline

കൊവിഡിനെ സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നു: രമേശ് ചെന്നിത്തല

കൊവിഡിനെ സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നാട് കൊവിഡ് മഹാമാരിയെ നേരിടുമ്പോള്‍ ഒരുമിച്ച് നില്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുരന്തത്തെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കും. ഇതിനെ സുവര്‍ണാവസരമായി കണ്ടുകൊണ്ട് ആരും ഒന്നും ചോദിക്കില്ലെന്ന് കരുതി അഴിമതി നടത്തുകയാണ്. ഇത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കും. കണ്ണൂംപൂട്ടിയിരിക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഇന്ത്യ പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം; നേപ്പാളിൽ പ്രധാനമന്ത്രിയുടെ രാജിക്കായി സമ്മർദം

നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമാ ഒലിയുടെ രാജിക്കായി സ്വന്തം പാർട്ടിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് സമ്മർദമേറുന്നു. ഇന്ത്യ ചില നേതാക്കളുടെ പിന്തുണയോടെ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നവെന്ന് ഒലി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഒലി തികഞ്ഞ പരാജയമാണെന്നും രാജി വയ്ക്കണമെന്നുമാണ് ആവശ്യം. പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ തുടങ്ങിയവരാണ് പാർട്ടി സ്റ്റാൻഡിംഗ് കമ്മറ്റിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്ന് മുൻപ്രധാനമന്ത്രിമാർ ഉൾപ്പെടെ രാജി ആവശ്യം ഉന്നയിച്ചു.

ഇ – മൊബിലിറ്റി പദ്ധതി: ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നു

ഇ – മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്‍സള്‍ട്ടന്‍സി കരാറില്‍ മുഖ്യമന്ത്രിക്ക് കള്ളക്കളിയാണ്. കരാര്‍ മന്ത്രിസഭ അറിഞ്ഞിട്ടില്ല. പിഡബ്ല്യുസിയെ തെരഞ്ഞെടുത്തതില്‍ മാനദണ്ഡം വ്യക്തമല്ല. കമ്പനിക്കെതിരെ സെബിയുടെ നിരോധനം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ വിജ്ഞാപം പുറത്തിറക്കണം. അതേസമയം, ഇ – മൊബിലിറ്റി പദ്ധതിയോട് എതിര്‍പ്പില്ലെന്നും ചെന്നിത്തല പറഞ്ഞു. ട്വന്റിഫോര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ വേണമെന്ന് ഇന്ത്യന്‍ സേന

അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ വേണമെന്ന് ഇന്ത്യന്‍ സേനയുടെ ആവശ്യം. സൈനികതല ചര്‍ച്ച അപൂര്‍ണമാണ്. അതിര്‍ത്തിയില്‍ ചൈനയുടെ സേനാവിന്യാസം നിരീക്ഷിച്ച് മാത്രം തുടര്‍നടപടിയുണ്ടാകൂ. അതേസമയം, പ്രശ്‌നത്തില്‍ റഷ്യയുടെ മധ്യസ്ഥതയ്ക്ക് ചൈന ശ്രമം തുടങ്ങി. വ്യാപാര യുദ്ധത്തിലേക്ക് കടന്നാല്‍ ചൈന പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് ചൈന റഷ്യയെ ഉപയോഗപ്പെടുത്തി ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാടിലാണ് ഇന്ത്യ.

മുന്നണി പ്രവേശനത്തില്‍ നിലവില്‍ ചര്‍ച്ച നടന്നിട്ടില്ല; ഉചിതമായ തീരുമാനം ഉചിതമായ സമയത്ത്: ജോസ് കെ മാണി

മുന്നണി പ്രവേശനത്തില്‍ നിലവില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമാണിത്. കേരളാ കോണ്‍ഗ്രസ് അടിത്തറയുള്ള പ്രസ്ഥാനമാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയിട്ടില്ല; എല്‍ഡിഎഫ് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ വിജയരാഘവന്‍

യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജോസ് കെ മാണി വിഭാഗം ഏത് മുന്നണിയിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് കെ മാണി ഏത് മുന്നണിയിലേക്ക് പോകുമെന്ന് നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പൊതുവായ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്; പ്രതികളിൽ നിന്ന് സ്വർണം വാങ്ങിയ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഷംന കാസിം ബ്ലാക്ക്മെയിൽ കേസ് പ്രതികളിൽ നിന്ന് സ്വർണം വാങ്ങിയ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ ചേറ്റുവ സ്വദേശി ഷമീൽ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 9 പവൻ സ്വർണ്ണം കണ്ടെത്തി. ഇന്നലെ തന്നെ ഇയാളെ കൊച്ചിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചേറ്റുവയിൽ തന്നെയാണ് പ്രതികൾ ഉണ്ടായിരുന്നത്. ഇവരിൽ നിന്നാണ് ഷമീൽ സ്വർണ്ണം വാങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒൻപതായി. 11 പേരെയാണ് കേസിൽ ആകെ പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ ഒരാൾ കൊവിഡ് ബാധിതനാണ്. ശേഷിക്കുന്നയാൾ ഇന്നോ നാളെയോ അറസ്റ്റിലാവും എന്നാണ് പൊലീസ് നൽകുന്ന സൂചന.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; ട്വന്റിഫോർ എക്സ്ക്ലൂസിവ്

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. വൃദ്ധസദനങ്ങള്‍, ആശാഭവനുകള്‍ തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന കരാര്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നഴ്‌സുമാര്‍, മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികയിലുള്ള 96 പേരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക ബാധ്യതയുടെ പേരിൽ മാസങ്ങളായുള്ള ശമ്പളം പോലും നല്‍കാതെയായിരുന്നു നടപടി.

ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്; മുഖ്യ പ്രതി റഫീഖിനെതിരെ താൻ മുൻപ് പരാതി നൽകിയിട്ടുണ്ടെന്ന് ഭാര്യ

ഷംന കാസിം ബ്ലാക്ക്മെയ്ലിങ് കേസിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി മുഖ്യ പ്രതി റഫീഖിൻ്റെ ഭാര്യ. റഫീഖിനെതിരെ താൻ മുൻപ് പരാതി നൽകിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. മുൻപും റഫീഖ് തട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ട്. റഫീഖ് നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. ഷംന കാസിമുമായാണ് താൻ സംസാരിക്കുന്നതെന്ന് ഇയാൾ പറഞ്ഞിരുന്നെങ്കിലും താൻ വിശ്വസിച്ചില്ലെന്നും അവർ ട്വൻ്റിഫോറിനോട് പറഞ്ഞു.

വയനാട്ടിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകൾ എത്തിച്ച് രാഹുൽ ഗാന്ധി

കൊവിഡ് കാലത്ത് സ്വന്തം മണ്ഡലമായ വയനാടിന് വീണ്ടും രാഹുല്‍ഗാന്ധിയുടെ കരുതല്‍. ഇത്തവണ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 175 ടെലിവിഷനുകളാണ് രാഹുല്‍ സ്വന്തം നിലയില്‍ ജില്ലയിലെത്തിച്ചത്. നേരത്തെ തെര്‍മല്‍ സ്‌കാനറുകളും പിപിഇ കിറ്റും ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളും ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം രാഹുല്‍ ജില്ലയിലെത്തിച്ചിരുന്നു.

എറണാകുളത്ത് ലോട്ടറി വിൽക്കുന്ന വയോധികയ്ക്ക് മർദ്ദനമേറ്റതായി പരാതി

എറണാകുളത്ത് ലോട്ടറി വിൽക്കുന്ന വയോധികയ്ക്ക് മർദ്ദനമേറ്റതായി പരാതി. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയാണ് മർദ്ദനമേൽപ്പിച്ചത്. വിഷയത്തിൽ കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: todays headline

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top