ഇന്നത്തെ പ്രധാന വാർത്തകൾ (17-07-2020)
രാജ്യത്തെ കൊവിഡ് കേസുകള്‍ 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് കൂടി രോഗം
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 34,956 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 687 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ കൊവിഡ് കേസുകള്‍ 10,03,832 ആയാണ് ഉയര്‍ന്നത്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 169 ാം ദിവസമാണ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തിയത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്നുദിവസംകൊണ്ടാണ്.
എറണാകുളം ജില്ല സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ
എറണാകുളത്ത് സ്ഥിതിഗതികൾ രൂക്ഷമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ വൃത്തങ്ങൾ അറിയിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ വർധിക്കുന്നതിന്റെ സാഹചര്യത്തിലാണ് വിശദീകരണം. ആർക്കും എപ്പോൾ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയെന്ന് സംഘടനാ പ്രസിഡന്റ് ഡോ എബ്രാഹാം വർഗീസ് പറഞ്ഞു. ചെല്ലാനം നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇ അറ്റാഷെയുടെ ഗൺമാനെ കാണാതായെന്ന് പരാതി
യുഎഇ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കാണാതായെന്ന് പരാതി. പരാതി നൽകിയത് ജയഘോഷിന്റെ കുടുംബമാണ്. ഇയാളുടെ ബന്ധുക്കളുടെ പരാതിയിൽ തുമ്പ പൊലീസ് കേസെടുത്തു. എന്നാൽ ജയഘോഷ് എൻഐഎ കസ്റ്റഡിയിലെന്നാണ് സൂചന പുറത്തുവരുന്നത്. പൊലീസ് കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തു.
സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ശിവശങ്കറെന്ന് കണ്ടെത്തല്‍
സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെന്ന് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ച ചീഫ് സെക്രട്ടറിതല അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലെന്ന് സൂചന
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലെന്ന് സൂചന. എൻഐഎയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. സ്വർണം കടത്തിയ ദിവസം അടക്കം നിരവധി തവണ ജയഘോഷ് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിനെ വിളിച്ചെന്നാണ് കണ്ടെത്തൽ.
രാജ്യത്തെ കൊവിഡ് കേസുകള്‍ പത്ത് ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകള്‍ പത്ത് ലക്ഷത്തിലേക്ക്. കൊവിഡ് വ്യാപനത്തില്‍ വലയുകയാണ് രാജ്യം. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഒഡിഷയില്‍ കട്ടക്ക് അടക്കം നാല് ജില്ലകളില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേസമയം, പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ ധനസഹായം അടക്കം പ്രഖ്യാപിച്ചു തുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here