ഇന്നത്തെ പ്രധാന വാർത്തകൾ (08-08-2020)
കരിപ്പൂർ വിമാന അപകടം നിർഭാഗ്യകരമായ സംഭവം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നീട് എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ഗവർണർ ആരിഫ് മുഹമ്മദ് അലി ഖാനോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയാരുന്നു മുഖ്യമന്ത്രി.
കരിപ്പൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
കരിപ്പൂർ വിമാന ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിസാരമായ പരിക്ക് ഉള്ളവർക്ക് 50000 രൂപ വീതവും നൽകും. എയർ ഇന്ത്യയാണ് ധനസഹായം നൽകുക.
കരിപ്പൂർ വിമാന ദുരന്തം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഇതിന് പുറമെ ഡിജിറ്റൽ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ, എയർക്രാഫ്റ്റ് വോയ്‌സ് റെക്കോർഡർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
പെട്ടിമുടിയിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 23 ആയി
പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ അഞ്ച് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ചത് ഡീൻ കുര്യാക്കോസ് എംപിയാണ്. ഇതോടെ മരണങ്ങൾ 23 ആയി. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കരിപ്പൂർ വിമാനത്താവള ദുരന്തം: ഡിജിസിഎ അധികൃതർ പരിശോധന തുടങ്ങി
കരിപ്പൂർ വിമാനത്താവള ദുരന്തത്തിൽ ഡിജിസിഎ (ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ) അധികൃതർ പരിശോധന ആരംഭിച്ചു. പതിനാലംഗ സംഘമാണ് ഡൽഹിയിൽ നിന്നെത്തിയത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്. വിമാനത്താവളത്തിൽ സുരക്ഷ പാളിച്ച ഉണ്ടോ എന്നത് ഡിജിസിഎ പരിശോധിക്കും.
കരിപ്പൂർ വിമാനദുരന്തം: മരണസംഖ്യ ഉയരുന്നു
കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ പത്തൊമ്പത് പേർ മരിച്ചതായാണ് വിവരം. നൽപ്പതുകാരിയായ സിനോബിയയുടെ മരണമാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന സിനോബിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. മരിച്ചവരുടെ വിവരങ്ങൾ പൂർണമായും ലഭ്യമായിട്ടില്ല. പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചിട്ടുണ്ട്. നാൽപതോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കോഴിക്കോട് വിമാനദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരണത്തിന് കീഴടങ്ങി
കോഴിക്കോട് വിമാനദുരന്തത്തിൽപെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരിച്ചു. ഇന്നലെ രാത്രിയാണ് കുഞ്ഞിനെ വിമാന ദുരന്തത്തിൽപ്പെട്ട കുഞ്ഞിനെ രക്ഷിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Story Highlights – todays news headlines august 08
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here