ഇന്നത്തെ പ്രധാന വാർത്തകൾ (11-08-2020)

todays news headlines august 11

മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശം; ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധി

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രിംകോടതി. ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തിൽ മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രിംകോടതി വിധിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

പെട്ടിമുടി മണ്ണിടിച്ചിൽ: ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

പെട്ടിമുടി മണ്ണിടിച്ചിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ ആകെ മരണം 50 ആയി. ഇനി 18 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്.

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണം; രമേശ് ചെന്നിത്തല കത്തയച്ചു

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കാണിച്ച് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിക്ക് കത്തെഴുതി. രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിക്കയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം തുറക്കില്ല

സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് അറിയിക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

വൈറ്റ് ഹൗസിന് പുറത്ത് വെടിയുതിർത്ത അക്രമിയെ പിടികൂടി

അമേരിക്കയിൽ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ് നടത്തിയ അക്രമിയെ പിടികൂടിയതായി വിവരം. പ്രാദേശിക സമയം 5.50തോടെയാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാർത്താ സമ്മേളനത്തിന് ഇടയിൽ വെടിവയ്പ്പുണ്ടായത്. അതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ട്രംപിനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു. പിന്നീട് വെടിവയ്പിനെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് പ്രസിഡന്റ് തന്നെയാണ്.

ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോൽ ഹിന്ദിയാണോ ? കനിമൊഴി വിഷയത്തിൽ എംകെ സ്റ്റാലിൻ

ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടെന്ന കനിമൊഴി എംപിയുടെ ആരോപണത്തിൽ പ്രതികരണവുമായി സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോൽ ഹിന്ദിയാണോ എന്നായിരുന്നു സ്റ്റാലിന്റെ ചോദ്യം.

Story Highlights todays news headlines august 11

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top