ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (05-09-2020)

സ്വപ്നയുടെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍ നിന്നാണെന്ന് ഐബി റിപ്പോര്‍ട്ട്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴി കസ്റ്റംസില്‍ നിന്നാണ് ചോര്‍ന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കി. കസ്റ്റംസ് കമ്മീഷണര്‍ക്കാണ് ഐബി ഇന്നലെ റിപ്പോര്‍ട്ട് കൈമാറിയത്. സ്വപ്നയുടെ മൂന്ന് പേജ് മൊഴിയാണ് ചോര്‍ന്നത്. അനില്‍ നമ്പ്യാരെ കുറിച്ചും, ബിജെപിയെ കുറിച്ചും പരാമര്‍ശിക്കുന്ന ഭാഗമാണ് ചോര്‍ന്നത്. കസ്റ്റംസ് കമ്മീഷ്ണര്‍ ഐബിയുടെ സഹായം തേടിയിരുന്നു.

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികള്‍ തമ്മിലുണ്ടായ സംഘര്‍ഷം : തിരുവനന്തപുരം ഡിസിസി

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഐഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഫലമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു ആരോപണം. കോണ്‍ഗ്രസ് നേതാക്കളായ എം.എം.ഹസ്സന്‍, കെ എസ് ശബരീനാഥന്‍, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം പിന്നിട്ടു

രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം. രോഗ ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. പ്രതിദിനം മരണം വീണ്ടും ആയിരത്തിന് മുകളില്‍ കടന്നിരിക്കുകയാണ്. റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതിനിടെ കൊവിഡ് പരിശോധനകളുടെ മാനദണ്ഡം ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും രോഗബാധിതരുടെ എണ്ണം എണ്‍പതിനായിരതിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു.

കുട്ടനാട് സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കും : ടിപി പീതാംബരന്‍ മാസ്റ്റര്‍

കുട്ടനാട് സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍. സ്ഥാനാര്‍ത്ഥി ആരാണെന്നു പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫ് തീരുമാനിച്ചതിനു ശേഷം മാത്രം സ്ഥാനര്‍ത്ഥിയെ പ്രാഖ്യപിക്കുമെന്നും ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിന്റെ പേര് എകെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചത് അറിയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചു മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയുള്ളുവെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ പൊലീസുകാര്‍ക്ക് കൊവിഡ്

നെയ്യാറ്റിന്‍കരയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട് സ്റ്റേഷന്‍ അണു വിമുക്തമാക്കിയില്ലെന്നും രോഗബാധിതര്‍ക്കൊപ്പം ജോലി ചെയ്തവരെ നിരീക്ഷണത്തിലയച്ചില്ലെന്നും ആരോപണം. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പൊലീസുകാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Story Highlights

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top