ഇന്നത്തെ പ്രധാന വാർത്തകൾ (13-09-2020)

മുൻ കേന്ദ്രമന്ത്രി രഘുവൻശ് പ്രസാദ് സിംഗ് അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി രഘുവൻശ് പ്രസാദ് സിംഗ് അന്തരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ശിൽപിയെന്നാണ് അറിയപ്പെട്ടിരുന്നത്. ആർജെഡി നേതാവാണ്. കൊവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. രഘുവൻശ് സിംഗ് പ്രസാദിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്; പ്രതികരണവുമായി കെ ടി ജലീൽ
തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നാണ് കുറിപ്പിന് തലക്കെട്ട് നൽകിയിരിക്കുന്നത്. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്ക് മനസില്ലെന്നും മറച്ചുവെക്കേണ്ടത് മറച്ചു വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഡൽഹി കലാപം: സീതാറാം യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ്
ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് ഡൽഹി പൊലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേർത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
യോഗ ശീലമാക്കണം, പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം; കൊവിഡ് ഭേദമായവർക്ക് മാർഗനിർദേശവുമായി കേന്ദ്രസർക്കാർ
കൊവിഡ് ഭേദമായവർക്ക് ആരോഗ്യ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. യോഗയും നടത്തവും ശീലമാക്കണം. ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിർദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
വെഞ്ഞാറമൂട് ഇരട്ടക്കൊല: കൃത്യം നടത്തിയ രീതി വിശദീകരിച്ച് പ്രതികൾ; തെളിവെടുത്തു
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കുവഹിച്ച സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിക്കായിരുന്നു തെളിവെടുപ്പ്. പ്രതികൾ കൃത്യം നടത്തിയ രീതികൾ വിശദീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് കുറവില്ലെന്ന് റിപ്പോർട്ട്
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് കുറവില്ലെന്ന് റിപ്പോർട്ടുകൾ. സ്പാൻഗുർ ഗ്യാപ്പിൽ ചൈന സൈനിക സന്നാഹം വർധിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിൽ കരസേന കനത്ത ജാഗ്രത തുടരുകയാണ്.
Story Highlights – today’s headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here