ഇന്നത്തെ പ്രധാന വാർത്തകൾ [05-10-2020]

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 23 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
സ്വര്‍ണക്കടത്ത്; കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നാ സുരേഷിന് ജാമ്യം
തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് ജാമ്യം. കസ്റ്റംസ് കോടതിയാണ് സ്വപ്‌നാ സുരേഷിന് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് 60 ദിവസത്തിന് ശേഷം സ്വപ്‌നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസില്‍ അറസ്റ്റിലായ 10 പേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചു. എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാനാവില്ല.
ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ; അന്വേഷണത്തിന് സ്റ്റേ ഇല്ല
ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളി.
‘പല ചോദ്യങ്ങൾക്കും മറുപടിയില്ല’; മൊറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി
മൊറട്ടോറിയം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ലൈഫ് മിഷൻ ക്രമക്കേട്: യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിഇഒ യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി. കൊച്ചി സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി യു. വി ജോസ് ഹാജരായത്. സിബിഐ ആവശ്യപ്പെട്ട രേഖകളും യു. വി ജോസ് കരുതിയിട്ടുണ്ട്. രണ്ട് ലൈഫ് മിഷൻ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തി.
സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാറെന്ന് കോടിയേരി ബാലകൃഷ്ണൻ
തൃശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാറെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാൻ ബിജെപിയും കോൺഗ്രസും തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
തൃശൂരിലേത് രാഷ്ട്രീയ കൊലപാതകം; പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് മന്ത്രി എ സി മൊയ്തീൻ
തൃശൂർ ചിറ്റിലങ്ങാട് സിപിഐഎം നേതാവ് പി യു സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എ സി മൊയ്തീൻ. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. ആർഎസ്എസ്, ബജ്‌റംഗ്ദൾ ബന്ധമുള്ളവരാണ് പ്രതികളെന്നാണ് അറിയുന്നത്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളത്ത് കൊവിഡ് ബാധിതൻ തൂങ്ങി മരിച്ച നിലയിൽ
എറണാകുളത്ത് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ ആണ് മരിച്ചത്. 39 വയസായിരുന്നു. രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ട് രതീഷിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സസ്‌പെൻഷൻ നടപടി; പ്രതിഷേധം വ്യാപകമാക്കി ഡോക്ടർമാരുടെ സംഘടനകൾ; ഒപി ബഹിഷ്‌കരിക്കും
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപകമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ടു മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും.
Story Highlights – news round up, todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here