ചിതലരിക്കാത്ത ഓർമകളുടെ ഓട്ടോഗ്രാഫ്

..

മഞ്ജു രാജൻ/അനുഭവക്കുറിപ്പ്

ജമ്മു കശ്മീരിലെ സ്‌കൂളിൽ അധ്യാപികയാണ് ലേഖിക

ഈ കൊവിഡ് കാലത്ത് പഴയ കൂട്ടുകാരെ തപ്പിയെടുപ്പാണ് എന്റെ പണി. അങ്ങനെ 23 വർഷങ്ങൾക്ക് ശേഷം കിട്ടിയ കുറച്ചു പേരെ ഗ്രൂപ്പിൽ ആക്കി സേഫ് ആക്കിവച്ചിരിക്കുവാണ്. ഇനിയും ഒരിക്കൽ കൂടി കൈവിട്ടു പോകാതിരിക്കാൻ.

അങ്ങനെ കണ്ടു കിട്ടിയ കൂട്ടുകാരികളിൽ ഒരാൾ, പ്രിയപ്പെട്ട റേച്ചൽ എൽദോ ജോൺസി. ചിതലരിക്കാതെ സൂക്ഷിച്ചു വച്ച ഓട്ടോഗ്രാഫ് ഇന്ന് പുറത്തെടുത്തു.

ഇപ്പോഴുള്ള കുട്ടികൾക്ക് ഈ ഓട്ടോഗ്രാഫിനെ കുറിച്ച് അറിവുണ്ടോ എന്നറിയില്ല. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കണ്ണികൾ പൊട്ടിപ്പോവാതെ സൂക്ഷിക്കാൻ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇല്ലാതിരുന്ന ആക്കാലത്ത് ‘ഇനിയെന്ന് കാണും നമ്മൾ ?’ എന്ന് വിലപിച്ചിരുന്നത് ആ കുഞ്ഞു പേജുകളിലൂടെയായിരുന്നു.

അക്ഷരങ്ങൾ സ്‌നേഹമായി പെയ്തിറങ്ങിയ സ്‌കൂൾ, കൈമാറിയ മഷിത്തണ്ട്, ചോക്കുകഷ്ണങ്ങൾ, കല്ലുപെൻസിൽ, പേനകൾ, കണ്ടിട്ടും കാണാതെ പോയ പുഞ്ചിരികൾ, ആഹാ എന്താ മധുരം ഓർമകൾക്ക്.

എസ്.എസ്.എൽ.സി പലതിനും അവസാനം ആയിരുന്നു ഒരുകാലത്ത്. വർഷങ്ങളായുള്ള ഒന്നിച്ചിരിപ്പിന്,
വഴിവക്കിലെ കാത്തു നിൽപ്പിന്, ചിലരുടെയെങ്കിലും പഠനത്തിന്, യൂണിഫോമിന്, ടീച്ചർമാരുടെ അടിക്കും ഇമ്പോസിഷനും, പിന്നെയും പലതിനും.

(അന്ന് എനിക്ക് എങ്ങനെ എങ്കിലും ജയിച്ചു കോളജിൽ ചേർന്നാൽ മതി എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണങ്ങൾ രണ്ടാണ്. ഒന്ന്, ബസിൽ കയറി എന്നും കോളജിൽ പോകാം. രണ്ട്, യൂണിഫോമിൽ നിന്ന് ഒരു മോചനം. എന്നും കളർ ഡ്രസ്സ് ഇട്ട് പോകാല്ലോ)

അപ്പോൾ പറഞ്ഞു വന്നത് ഓട്ടോഗ്രാഫിനെ കുറിച്ചാണ്. ഒരു ജന്മത്തിലെക്കുള്ള മുഴുവൻ ആശംസകൾ നേരാനും അവ മാത്രമായിരുന്നു വഴി. മാർച്ചിലെ ചൂടുള്ള പരീക്ഷകൾക്കിടയിലും എല്ലാവരുടെ കയ്യിലും ഉണ്ടാവും ഒട്ടോഗ്രഫ്. എഴുതാനും എഴുതിക്കാനും. ഫെബ്രവരി മാസം ആകുമ്പോഴേ അവർ കടകളിൽ എത്തും.

ചെറിയ ഓട്ടോഗ്രാഫിൽ പറയാനുള്ളതൊക്കെയും നാലുവരികളിൽ എഴുതണം. കടലാസിൽ നീല, കറുപ്പ് മഷിയിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ, സുഖവും സമ്പത്തും അറിവും.

വിരഹത്തിന്റെ വിലാപങ്ങൾ ആയിരുന്നു കൂടുതലും. ഗേൾസ് ഹൈസ്‌കൂൾ ആയതുകൊണ്ട് പ്രണയ വിരഹം ഇല്ല? കൂട്ടിനെത്തിയത് സിനിമാ ഗാനങ്ങൾ, കവിതകൾ.

‘പുഞ്ചിരിക്കുന്ന പൂവിലും ഉണ്ട് വഞ്ചനയുടെ ലാഞ്ചന’ എന്നോ ” നീ എന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല’ എന്നോ എഴുതി അവസാന ഒപ്പ്. വിടപറയും മുൻപേ ചിലരെങ്കിലും തമാശകൊണ്ട് രംഗം തണുപ്പിച്ചു.

”ഓർമിക്കാൻ നല്ലൊരു മനസുണ്ടെങ്കിൽ പിന്നെയെന്തിനാ ഈ ചിതലരിക്കുന്ന ഓട്ടോഗ്രാഫ് ?” എന്ന് ചോദിച്ച സുഹൃത്ത് ഇപ്പോ ആ കാലം ഓർക്കുന്നുണ്ടാവുമോ? ഇല്ലെങ്കിലും ഓട്ടോഗ്രാഫ് ഇതുവരെയും ചിതലരിച്ചില്ല.

ജീവിത വഴിത്താരയിൽ എന്നെങ്കിലും കണ്ടുമുട്ടിയാൽ ഒന്ന് പുഞ്ചിരിക്കാൻ മറക്കരുതേ എന്ന് പറഞ്ഞവളെ ഒന്ന് കണ്ടാൽ മതിയാരുന്നു. കാലങ്ങൾ എത്ര കഴിഞ്ഞിട്ടും ഇന്നും നിങ്ങളുടെ ഓർണകളിൽ എഴുന്നു നിൽക്കുന്ന ചില അക്ഷരങ്ങളില്ലേ? ഉണ്ടെങ്കിൽ എഴുതുട്ടോ..

ഇപ്പോൾ ഞാൻ ഫേസ്ബുക്കിൽ തിരയുന്ന പേരുകൾ ഓട്ടോഗ്രാഫിലെ പിൻതുടർച്ച അല്ല. കാരണം അതു എനിക്ക് എന്നേ നഷ്ടപ്പെട്ടു?

മറവിയുടെ മാറാലകൾ വകഞ്ഞു മാറ്റി ഓർമയുടെ വാതിൽ തുറന്ന് ആ മധുര നിമിഷങ്ങളെ ഓർത്തെടുക്കാൻ സഹായിച്ച പ്രിയപ്പെട്ട കൂട്ടുകാരി, ഒരായിരം സ്‌നേഹ ചുംബനങ്ങൾ.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Chithalarikkatha oormakalude autograph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top