Advertisement

ദേവ

November 16, 2020
Google News 2 minutes Read

..

ഹൃദ്യ രാകേഷ്

കോട്ടയത്ത് ഡിപ്ലോമ വിദ്യാർത്ഥിനിയാണ് ലേഖിക

കഴിഞ്ഞ ദിവസം അമ്മയുമായി ഡോക്ടറെ കണ്ട് തിരികെ ബസ് കാത്ത് പാലക്കാട് കെഎസ്ആർടിസി സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ്, അമ്മയുടെ അടുത്ത് ദീദിയെ പോലൊരു സ്ത്രീ വന്നിരിക്കുന്നത്.

എഴുന്നേൽക്കാൻ തുടങ്ങിയ അമ്മയെ വിലക്കുമ്പോഴും നാലുവർഷം കൃത്യമായി ഭാഷ സംസാരിക്കാൻ അറിയാത്ത നാട്ടിൽ എന്തിനും ഏതിനും കൂട്ടുണ്ടായിരുന്ന ദേവ ദീദിയുടെ മുഖം മാത്രമായിരുന്നു മനസിൽ എഴുന്നേൽക്കണ്ടെന്നു ഞാൻ പറയുന്നത് കേട്ടവരെന്നെ നോക്കുമ്പോൾ പരസ്പരം ഉടക്കിയ ആ കണ്ണുകളിൽ നിന്നെനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു, ഇതുവരെയും അനുഭവിച്ച അവഗണനയുടെ ഉണങ്ങാത്ത മുറിവുകളുടെ എണ്ണമെത്രയെന്ന്.

വീണ്ടുമൊന്നിന്ന് കുറിക്കാൻ പേനയും പേപ്പറും കയ്യിലെടുക്കുമ്പോൾ നാലുവർഷം പിറകിലേക്ക് നടക്കുകയാണെന്റെ ഓർമകൾ.

നിലയ്ക്കാത്ത കയ്യടികൾ ഉയർന്നപ്പോഴാണ് അറിയാതെ എപ്പോഴോ വഴുതി വീണ ഉറക്കത്തിൽ നിന്നുണരുന്നത്. ട്രെയിൻ കുറഞ്ഞ വേഗതയിൽ ആയതിനാൽ ജനാലയ്ക്ക് പുറത്ത് കാഴ്ചകൾ പിന്നിലേക്ക് മറയാൻ വളരെ മടിച്ചിരുന്നു. ഉറക്കത്തിന്റെ ചടവുകൾ ഇനിയും മാഞ്ഞിട്ടില്ലാത്ത കണ്ണുകളെയൊന്ന് ചിമ്മിത്തുറക്കുമ്പോൾ എതിർവശത്തും വലതുവശത്തുമായിരുന്ന മുഖങ്ങളിൽ ബഹുഭാവങ്ങൾ വിരിഞ്ഞാടുന്നുണ്ട്.

ചിലതിൽ പുച്ഛം, ചിലതിൽ അവജ്ഞ, ചിലതിൽ ദേഷ്യം അങ്ങനെ അങ്ങനെയങ്ങനെ.

തന്റെ അടുത്തേക്ക് നീളുന്ന കുപ്പിവളകൾ കിലുങ്ങുന്ന നീളൻ നഖങ്ങളിൽ ഭംഗിയായി നിറങ്ങൾ ചാലിച്ച കൈകളിലേക്ക് നൽകാൻ പത്തുരൂപ നോട്ട് തിരയുന്ന തിരക്കിലാണ് കൂടുതൽ പേരും. അത്രയും കൊടുത്തു കഴിഞ്ഞാൽ പിന്നെ അവർ സന്തോഷരാണ്. അധികം ഒച്ചപ്പാടുകൾ ഉണ്ടാക്കാതെ തമ്മിൽ തമ്മിലെന്തൊക്കെയോ സംസാരിച്ച് പൊട്ടിച്ചിരിച്ചു കൊണ്ടങ്ങനെ പൊയ്‌ക്കോളും.

അല്ലെങ്കിലും ഇത്തരക്കാരോട് അധികം മൽപിടുത്തത്തിന് നിൽക്കാൻ പോലും ആരും തയ്യാറാകാറില്ല പൊതുവെ. ഒരേയൊരു പത്തിന്റെ നോട്ട് മാത്രമേ പേഴ്‌സിൽ അവശേഷിച്ചിരുന്നുള്ളൂ. പിന്നെയൊക്കെയും അഞ്ഞൂറും രണ്ടായിരവും മാത്രം. അതും അവർക്ക് നൽകി പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു, വെറുതെ. ഒരു രാത്രി ദൂരം പിന്നിട്ടിരിക്കുന്നു. ഇനിയും കുറച്ചു കൂടിയുണ്ട് ബാക്കി.

മധ്യവേനലവധി സീസണിൽ റിസർവേഷൻ ഒന്നും കിട്ടാതായത്തോടെയാണ് കോയമ്പത്തൂരിൽ നിന്നും സെക്കന്ദരാബാദിലേക്കും അവിടെ നിന്ന് കട്ടക്കിലേക്കും വണ്ടി കയാറാൻ തീരുമാനിച്ചത്. എന്നാലും തിരക്കിനൊട്ടും ശമനമില്ലായിരുന്നു. പിന്നെ ആകെ മെച്ചമുണ്ടായത് ഭുവനേശ്വരിൽ നിന്നും പിന്നെയും മാറിക്കേറേണ്ടതില്ല എന്നുള്ളത് മാത്രം.

ട്രെയിൻ ഭുവനേശ്വർ സ്റ്റേഷനോട് അടുത്ത് തുടങ്ങിയിരിക്കുന്നു. പതിയെ പതിയെ വേഗം കുറച്ചത് കിതച്ചു നിന്നു. തിരക്കുകൾ കുറഞ്ഞു തുടങ്ങുന്നുണ്ട്. തിരക്കില്ലാത്ത കംപാർട്ട്മെന്റുകൾ തേടിയലയുന്നവർ പുറത്ത് ബഹളംവയ്ക്കുന്നുണ്ട്. കൂട്ടിന് കൂലികളുടെയും സ്റ്റേഷനിലേക്ക് സ്വാഗതമോതുന്ന സ്ത്രീയുടെയും ശബ്ദം.
ഇനിയുള്ള യാത്ര മഹാനദിക്ക് കുറുകെയുള്ളതാണ്. പ്രഭാത സൂര്യന്റെ ചൂടും. വീശുന്ന തണുത്ത കാറ്റും. മഹാനദിയിലെ തെളിഞ്ഞൊഴുകുന്ന നീരും. നയനങ്ങൾക്ക് ഏറെ സുഖം പകരുന്നവയാണ്.
അതുകൊണ്ട് തന്നെയാണ് വീണ്ടുമൊരു യാത്രയ്ക്ക് ചൂളംവിളി ഉയർന്നപ്പോൾ പതിയെ എഴുന്നേറ്റ് വാതിലിനടുത്ത് സ്ഥാനം പിടിച്ചതും.

ഉരുക്കുപാളങ്ങൾ ചങ്ങാതിയെ വേർപ്പിരിയുന്ന ഹൃദയഭാരത്തിന്മേൽ തേങ്ങുന്നുണ്ട്. ഏങ്ങലടിച്ചുകൊണ്ട് യാത്രാമംഗളങ്ങൾ നേരുന്നുണ്ട്. എല്ലാം മറന്ന് കൂട്ടിയ വേഗത്തെ പിന്നെയുമത് കുറച്ചു. പിന്നെ മഹാനദിക്ക് കുറുകെയുള്ള പാളത്തിലേക്ക് കാൽവച്ചു. വർഷ കാലത്ത് ഒരു സംസ്ഥാനത്തെ അപ്പാടെ വിഴുങ്ങുന്ന നദി. മെലിഞ്ഞ് മെലിഞ്ഞ് നൂലുപോലെ ആയി തീർന്നിരിക്കുന്നു.

മഴക്കാലങ്ങളിലത് തന്റെ പ്രൗഢി വീണ്ടെടുക്കുന്നു. അന്നാട്ടിലെ മുഴുവൻ ജനങ്ങളുടെ ചിരിയിലും കണ്ണുനീരിലും കൂടെ നിന്ന് വേനലിൽ വീണ്ടും മരിക്കുന്നു. ഒരു ചക്രം തിരിയും പോലെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. നദി കടന്ന് ആരും കയാറാനില്ലെങ്കിലും ചെറിയ സ്റ്റേഷനിൽ നിർത്തി. വാതിൽക്കൽ തന്നെയായിരുന്നു ഞാനപ്പോഴും.

പുറകിൽ നിന്നാരോ തട്ടി വിളിക്കവേ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് നീലപ്പൂക്കൾ അഴകേകിയ ലാങ്കിപ്പൂവിൻ നിറമുള്ള സാരിക്കനുയോജ്യമായൊരുങ്ങിയ സ്ത്രീയെ ആണ്. ഒന്നു കൂടി വ്യക്തമാക്കിയാൽ സ്ത്രീയായി ജീവിയ്ക്കാനാഗ്രഹിക്കുന്ന പുരുഷമനസിനെ. മുഖത്തേയ്ക്ക് തെന്നിക്കിടന്ന അളകനിരകളിൽ ഊയലിടുന്നുണ്ട്. ഒഡീഷയിലെ പൊടിക്കാറ്റ്.

അവ പതുക്കെ വകഞ്ഞു മാറ്റിക്കൊണ്ടവർ എനിക്ക് നേരെ കൈനീട്ടി നിൽക്കുകയാണ്. അപ്രതീക്ഷിതമായി ചലിച്ച കൈകൾക്കനുസൃതമായുലഞ്ഞ കുപ്പിവളകളുടെ ശബ്ദം തലച്ചോറിലേക്ക് പായുമ്പോൾ ചില്ലറയില്ലാത്തതിനെ കുറിച്ചോർത്ത് ഭയമായിരുന്നെനിക്ക്.

രണ്ടും കൽപിച്ച് ‘എന്റെ കയ്യിൽ ചില്ലറയില്ല. ആകെ ഇതേ ഉള്ളൂ. ആവശ്യമെങ്കിൽ എടുത്തോളൂ’വെന്ന് ഒഡീസിയിൽ പറഞ്ഞവസാനിക്കുമ്പോൾ ഒട്ടും മടി കൂടാതെയാണ് അയാളത് പരിശോധിക്കാൻ തുടങ്ങിയത്.
അപ്പോഴും ഇനിയെന്തെന്ന ചോദ്യമെന്നെ അലട്ടി തുടങ്ങിയിരുന്നു.

ഏതാനും നിമിഷം നീണ്ട പരിശോധനകൾക്കൊടുവിൽ ‘ആറ്റിങ്ങലിൽ എവിടെയാണെന്ന് ‘മലയാളത്തിൽ ചോദിക്കുമ്പോൾ ആ ഉള്ളം കയ്യിലെന്റെ വോട്ടർ ഐഡി കാർഡ് മുറുകെ പിടിച്ചിരിക്കുന്നതായി കണ്ടു.

അടക്കിപ്പിടിച്ച ശ്വാസത്തെ ബലമായിവച്ചുകൊണ്ട് തന്നെ മറുപടി പറയവേ, ഐഡി കാർഡിൽ ഒരിക്കൽ കൂടിയൊന്ന് നോക്കി ചിരിച്ച് പേഴ്‌സിലേക്കത് തിരികെവച്ചു. നിറഞ്ഞ പുഞ്ചിരിയോടെ കൈകളുയർത്തിയെന്റെ ശിരസിൽവച്ചനുഗ്രഹിച്ച് മറുത്തൊന്നും പറയാതെ അവർ പിന്തിരിഞ്ഞു നടന്നു. ആ മിഴികളിൽ ഈറനണിയുന്നതും ജലരേഖകളായി അവ കവിൾത്തടത്തിലേക്ക് ഒലിച്ചിറങ്ങുന്നതും വ്യക്തമായി കാണാമായിരുന്നെനിക്ക്.

ഉലയുന്ന കുപ്പിവളകളുടെ ശബ്ദം ഒരിക്കൽ കൂടി തലച്ചോറിലേക്ക് പാഞ്ഞടുക്കവേ, കുറ്റബോധത്തിന്റെ നെരിപ്പോടിലെ കനലുകൾ വീണ്ടും തിളങ്ങാൻ തുടങ്ങിയിരുന്നു. ഊഴം കാത്തൊരു പത്ത് രൂപാ നോട്ട്, നേരെ നീണ്ടു വന്ന ഓരോ കൈകളിലേക്കുംവച്ചുകൊടുക്കുമ്പോൾ നോക്കാതിരിക്കാനെന്നെ പ്രേരിപ്പച്ചത് അവരെക്കുറിച്ച് സമൂഹം ഹൃദയത്തിൽ ആഴത്തിൽ വരച്ച ചിത്രങ്ങളാണ്.

സംസാരിക്കാനോ ഇടപഴുകുവാനോ കൊള്ളാത്ത ഇനങ്ങളാണവരെന്ന, ആണെന്നും പെണ്ണെന്നും വ്യക്തമായ മേൽ വിലാസമുള്ള സമൂഹം അടിച്ചേൽപ്പിച്ച പൊള്ളത്തരങ്ങളാണ്. പുതിയ ചിന്താതീരങ്ങൾ തേടിപ്പോയ മനസിനെ തിരികെ വിളിച്ച് അവർ പോയ വഴിയേ ബോഗിക്ക് അകത്തേക്ക് കയറവേ. മറ്റാരുടെയോ അടുത്ത് കൈനീട്ടി നിൽക്കുകയായിരുന്നവർ.

ഒരു മാത്രകൂടിയവരെ കാണവേ ഉള്ളിലലയടിച്ചുയർന്നത് ഏതോ മഹത്തായൊരു പാഠം പഠിപ്പിച്ച ഗുരുവിനെ കണ്ട ബഹുമാനമാണ്. താൻ ആരാലോ ശ്രദ്ധിക്കപ്പെടുകയാണെന്ന് തോന്നിയത് കൊണ്ടാകണം അവർ എനിക്ക് നേരെ നോക്കിയത്. ശേഷം അധികം ആരോഗ്യമില്ലാതെയൊന്ന് പുഞ്ചിരിച്ചു.

ഭുവനേശ്വരിൽ എത്തിയതോടെ തിരക്ക് കുറഞ്ഞിരുന്നു. മറു പുഞ്ചിരിയോടെ ഒഴിഞ്ഞു കിടന്ന സീറ്റുകളിലൊന്നിലേക്ക് ഞാനവരെ ക്ഷണിക്കുമ്പോൾ ചിലരുടെ വെറുപ്പുളവാക്കുന്ന കണ്ണുകൾ എന്നെയും കാർന്നു തിന്നുന്നത് പോലെ തോന്നിയെനിക്ക്. ചുറ്റുമുള്ളതിനെയെല്ലാം അവഗണിച്ച് ക്ഷണം സ്വീകരിച്ച് അഭിമുഖമായിരുന്ന അവരോട് പേരു തന്നെയാണ് ആദ്യം ചോദിക്കാൻ തോന്നിയത്.

പുറത്തെ കാഴ്ചകളിലേക്ക് തുറന്നുവച്ച കണ്ണുകളെ പിൻവാങ്ങികൊണ്ട് പതിയെ പറഞ്ഞു. ‘ദേവ, ദേവയായി മാറിയ ദേവൻ. പുറത്തെ കാഴ്ചകളിലേയ്ക്ക് തന്നെ മിഴികളെ തിരികെ പായിച്ച് ചെറു പുഞ്ചിരിയോടെയാണവർ പിന്നീട് തന്റെ കഥ പറഞ്ഞു തുടങ്ങിയത്. തിരുവനന്തപുരത്തെ അധ്യാപക ദമ്പതിമാരുടെ രണ്ടുമക്കളിൽ ഇളയവൻ.

കാവിലെ എഴുന്നുള്ളത്തിന് റ്റാർപ്പോളിൻ കൊണ്ടുണ്ടാക്കിയ കുഞ്ഞു കടകളിലെ കണ്ണഞ്ചിപ്പിക്കുന്ന കളിപ്പാട്ടങ്ങളിൽ കാറുകളെയും ബൈക്കുകളെയും കടത്തിവെട്ടി പാവകളോടും ബലൂണുകളും മാത്രമായിരുന്നു മനസിലേക്ക് ചേക്കേറിയതത്രയും. പിന്നീട് ചേച്ചിയുടെ ഷാളിൽ സ്വയം സാരിയുടുത്ത് കളിച്ചപ്പോഴും കണ്ണെഴുതി പൊട്ടുതൊട്ടു നടക്കാൻ, നന്നായി ഒരുങ്ങാൻ മോഹിച്ചപ്പോഴും.

അധികം കുരുത്തക്കേടുകൾക്കൊന്നും പോകാതെ ഒരിടത്ത് ഒതുങ്ങിയിരിക്കുമ്പോൾ മറ്റുള്ളവർ നല്ലക്കുട്ടിയെന്ന ലേബൽ ചാർത്തി തരുമ്പോഴുമൊക്കെ കുഞ്ഞിപ്രായത്തിന്റെ കളികളെന്നു മാത്രമേ നിനച്ചിരുന്നുള്ളൂ. ഡിഗ്രി പഠനത്തിലേക്ക് കടന്നപ്പോഴാണ് ആൺകുട്ടികൾക്കിടയിൽ ഇരുന്ന് പഠിക്കുന്നത് വല്ലാത്തൊരു ശ്വാസം മുട്ടുപോലെ. ആദ്യമൊക്കെ തോന്നലെന്നു കരുതി കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഓരോ ദിവസവുമത് കൂടി കൂടി വന്നതോടെയാണ് അച്ഛനോട് തുറന്ന് പറഞ്ഞത്.

അന്ന് വൈകീട്ട് തന്നെ അച്ഛനൊപ്പം അച്ഛന്റെ സുഹൃത്തായ സൈക്കാട്രിസ്റ്റിനെ കാണിച്ചപ്പോഴാണ് അദ്ദേഹം ചെന്നൈയിലെ തന്റെ സുഹൃത്തിനോട് സംസാരിച്ച് അവിടത്തെ ഹോസ്പിറ്റലിൽ ഒരു ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. പിന്നീട് അങ്ങോട്ടുള്ള യാത്രയായിരുന്നു. ഇത്തരത്തിലൊരു വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ കുടുംബം തന്നെയായിരുന്നു താങ്ങായി നിന്നതും. അധികം വൈകാതെ തന്നെ ട്രാൻസ് സെക്ഷ്യൽ സർജറി കഴിഞ്ഞു. ആശുപത്രിയിലെയും വീട്ടിലെയും വിശ്രമം കഴിഞ്ഞ് തിരികെ കോളജിൽ എത്തവേ, ഊണിലും ഉറക്കത്തിലും ഒന്നായി നിന്ന ചങ്ങാതിമാരുടെ വെറുപ്പ് നിറഞ്ഞ നോട്ടങ്ങളാണ് എതിരേറ്റത്..

ആൺകുട്ടികളും പെൺകുട്ടികളും അവരുടെ അടുത്തൊന്ന് ഇരിക്കാൻ പോലുമനുവദിയ്ക്കാതെ വന്നപ്പോൾ ഏറ്റവും പുറകിലെ ബഞ്ചിൽ ഒറ്റയ്ക്കിരുന്നു പഠിച്ചു. ഇന്റർബെൽ സമയങ്ങളിലും മറ്റും ഒളിഞ്ഞും തെളിഞ്ഞും പാഞ്ഞടുത്ത ചോദ്യശരങ്ങളെ തടുക്കാൻ നിവൃത്തി ഇല്ലാതായതോടെയാണ് വീട്ടിലിരുന്ന് പഠിക്കാൻ തീരുമാനിച്ചത്. വാശിയായിരുന്നു പിന്നീടങ്ങോട്ട്. തള്ളിപ്പറഞ്ഞ സമൂഹത്തിന് മുന്നിൽ ജീവിച്ചു കാണിക്കാനുള്ള വാശി.

പഠിച്ചുകൊണ്ടേയിരുന്നു. രാത്രിയോ പകലോയെന്ന വേർത്തിരിവുകളില്ലാതെ. അവസാനം യൂണിവേഴ്സിറ്റി ഒന്നാം റാങ്കായി കഷ്ടപ്പാടിനുള്ള പ്രതിഫലം പോലെയെന്റെ കയ്യിലേക്ക് എത്തിയപ്പോൾ എല്ലാം മാറിയെന്ന് കരുതി. മാധ്യമങ്ങൾ പലരുമെന്റെ കഥ പറഞ്ഞ് ലക്ഷങ്ങൾ കീശയിലാക്കി. അവസാനം വെറുമൊരു പാഴ് വസ്തുവിനെ വലിച്ചെറിഞ്ഞു ചവറ്റുകുട്ടയിലേക്ക്.

ജോലിക്ക് ശ്രമിച്ചപ്പോഴും നല്ല മാർക്കും കഴിവും ഉണ്ടായിട്ടും ഞാൻ ചെയതുപോയ സർജറി മാത്രമായിരുന്നു എന്റെ ബയോഡാറ്റായിൽ എല്ലാവരും കണ്ടെത്തിയ കുറവ്. എല്ലാം ശരിയാകുമെന്ന് ഓരോ തവണ മനസിനെ പറഞ്ഞു മനസിലാക്കുന്നതിനിടയിലാണ് ചേച്ചിയുടെ കല്യാണം മുടങ്ങുന്നത് പോലും ഞാൻ കാരണമെന്ന് തോന്നിയത്.

പിന്നെ ഒരു നിമിഷം പോലും നിൽക്കാൻ തോന്നിയില്ല. ഇന്ത്യമൊത്തമൊന്നലയണം. ശേഷം ആർക്കും തിരിച്ചറിയാനാകാത്ത വിധം എങ്ങനെ എങ്കിലും മരിക്കണം. അതായിരുന്നു ലക്ഷ്യം. ആ യാത്രയിലാണ് എന്നെ പോലെയുള്ളവരെ ഞാൻ കണ്ടെത്തിയത്. എന്റെ വിഷമ മറിഞ്ഞ് അവരെന്നെ ആശ്വസിപ്പിച്ചു. ആത്മഹത്യ ചിന്തയിൽ നിന്നെന്നെ മോചിപ്പിച്ച് അവരോടൊപ്പം താമസിക്കുവാൻ അനുവദിച്ചു.

അങ്ങനെ ഞാനിവിടെയെത്തി. ‘ അത് പറഞ്ഞു നിർത്തുമ്പോൾ ദേവ, അവളുടെ കണ്ണുകൾ കലങ്ങി ഒഴുകുകയായിരുന്നു. ‘പിന്നെ പോയിട്ടില്ലേ, നാട്ടിലേയ്ക്ക്’ എന്നു ചോദിക്കവെ ഏറെ നേരം നീണ്ടു നിന്ന മൗനം മാത്രമായിരുന്നു മറുപടി.

സംഭാഷണത്തിന് വിരാമം നൽകാറായെന്ന് സൂചിപ്പിച്ചുകൊണ്ട് ട്രെയിൻ പതിയെ വേഗം കുറച്ച് രുദ്രാപ്പൂർ സ്റ്റേഷനിലേക്ക് കയറി. ബാഗെടുത്ത് ഇറങ്ങാൻ നേരം അവളുമെന്നെ അനുഗമിച്ചിരുന്നു. സ്റ്റേഷൻ കഴിഞ്ഞു തൊട്ടടുത്ത് കണ്ട ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകി. കൂപ്പിയ കയ്യുകളോട് ഒന്നേ പറയാൻ തോന്നിയുള്ളൂ.

‘എന്റെ മുറിയിലേക്ക് പോരുന്നോ എന്ന്..’ നിറഞ്ഞൊഴുകിയ മിഴികളിൽ നിന്നും മറുപടിക്ക് കാത്ത് നിൽക്കാതെ തന്നെ കൂടെക്കൂട്ടുമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

അന്നു തൊട്ടു രുദ്രാപ്പൂരിൽ കഴിച്ചുക്കൂട്ടിയ നാലു വർഷം ദേവ, അല്ല ദീദി എന്നോടൊപ്പം തന്നെ ആയിരുന്നു.

ആർഭാട സൗകര്യങ്ങളില്ലാത്ത ആ വാടകവീട്ടിൽ പുതിയ പുതിയ പാചകങ്ങൾ പരീക്ഷിച്ച് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങും നേരം കൂട്ടിനെത്തുന്ന എന്റെ സ്വന്തം ചേച്ചിയായി. ദീദിക്ക് സ്വന്തം അനിയത്തിയായി നാലുവർഷങ്ങൾ.

എന്റെ അതേ ഹോസ്പിറ്റലിൽ തന്നെ ഫ്രണ്ട് ഓഫീസ് സ്റ്റാഫായി ജോലി നേടിക്കൊടുക്കാനും കഴിഞ്ഞു. പിന്നീട് ട്രാൻസ്ഫർ കിട്ടി സ്വന്തം നാട്ടിലേക്ക് തിരിക്കുമ്പോഴും ഏക ആശ്വാസവും അത് മാത്രമായിരുന്നു.
ഇന്നാ വീട്ടിൽ ദീദിക്ക് തനിച്ചു കഴിയേണ്ടി വരുമ്പോഴും ഇടവേളകളിൽ കണക്ട് ചെയ്യപ്പെടുന്ന ഫോൺ വിളികൾ മാത്രമാണ് കൂട്ട്.

ജന്മാന്തര ബന്ധം പോലെ ഓർത്ത നിമിഷം തന്നെ വിളിക്കുകയാണ് ദീദി. ഫോണിന്റെ ഇത്തിരിവെട്ടത്തിൽ ദീദിയുടെ ചിത്രം തെളിഞ്ഞു മറയുന്നുണ്ട്. എന്നാൽ പിന്നെ ആ സംഭാഷണം കഴിഞ്ഞിട്ടാകാമിനി എഴുത്തെന്നോർത്താ കോൾ കണക്ട് ചെയ്യുമ്പോൾ മറുതലയ്ക്കലിൽ പുഞ്ചിരിക്കുകയാണെന്റെ ദേവ.
വെറുമൊരു കേൾവിക്കാരിയായി മാത്രമായി ഞാനിരിക്കുമ്പോൾ ദീദി ഇന്നനുഭവിക്കുന്ന സന്തോഷത്തെ നേരിട്ടറിയാൻ കഴിയുന്നുണ്ടെനിക്ക്. ആ പുഞ്ചിരിയലകളെന്റെ ആത്മാവിനെ പോലും സ്പർശിക്കും പോലെ.

നമുക്കിടയിലിനിയുമുണ്ട് ദേവയെ പോലെ ആയിരമായിരമാളുകൾ. നമ്മളനുഭവിക്കുന്ന സർവ്വതും അവർക്കും അനുഭവിക്കാനാകട്ടെ. അതിന് നമ്മൾ സ്വയം പണിത മതിലുകൾ നമ്മൾ തന്നെ പൊളിച്ചു മാറ്റട്ടെ. അതിന്റെ തുടക്കം എന്നിലൂടെ തന്നെയാകട്ടെ. നമ്മളോരോരുത്തരിലൂടെയുമാകട്ടെ.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Deva, Story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here