ഇന്നത്തെ പ്രധാന വാർത്തകൾ (28-11-2020)

today's news headlines November 28

സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎ ; ആരോപണവുമായി സി.മനോജ് കുമാർ

കെ.ബി.​ഗണേഷ്കുമാറിനെതിരെ ​ഗുരുതര ആരോപണവുമായി സി.മനോജ് കുമാർ. സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ​ഗണേഷ്കുമാർ എംഎൽഎയാണെന്ന് സി മനോജ് കുമാർ ആരോപിച്ചു. കേരള കോൺ​ഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സി മനോജ് കുമാർ.

സന്നിധാനത്ത് ഇതുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പേർക്ക് കൊവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ വാസു; ഭക്തരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം

ശബരിമലയിലെ സ്ഥിതി​ഗതികൾ വിവരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ. വാസു. 13529 തീർഥാടകർ ഇന്നലെ വരെ ശബരിമലയിൽ ദർശനം നടത്തിയെന്നും നിലയ്ക്കലിൽ ഇന്നലെ വരെ നടത്തിയ പരിശോധനയിൽ 37 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപതുപേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയിൽ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയെ സമീപിച്ചു. ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്ന് വിജിലൻസ് പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ കോഴ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം.

സി എം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും

സി എം രവീന്ദ്രന് ഡിസംബർ നാലാം തീയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. തിങ്കളാഴ്ച ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടിസ് കൈമാറുക.

കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ട്; ഇ.ഡിയ്ക്ക് ആർബിഐയുടെ മറുപടി

കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് മറുപടിയുമായി ആർബിഐ. കിഫ്ബി പോലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് മസാലബോണ്ടുകൾ ഇറക്കാൻ അനുവാദം നൽകാൻ വ്യവസ്ഥയുണ്ടെന്ന് റിസർവ് ബാങ്ക്. 2018 ജൂൺ 1 ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ആർ.ബി.ഐ വ്യക്തമാക്കി.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് ; കൂടുതൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനത്തിൽ കേന്ദ്രം

രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയെങ്കിലും കൂടുതൽ ആശ്വാസ പദ്ധതികളുടെ പ്രഖ്യാപനം വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രസർക്കാർ. കണക്കുകൾ മാന്ദ്യം പറയുമ്പോഴും കാർഷിക മേഖല ശക്തമായി മാറിയതും നിർമ്മാണ മേഖല തിരിച്ച് വരുന്നതും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. എന്നാൽ അനുകൂല സൂചനകൾ ഉണ്ടെങ്കിലും ആഭ്യന്തര ഉത്പാദനത്തിലെ ഇടിവ് അടുത്ത പാദത്തിൽ മറികടക്കും എന്ന മുൻവിധി ഇപ്പോഴെ വേണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.

Story Highlights today’s news headlines November 28

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top