ജീവിച്ചതും ഇന്ത്യക്കായി മത്സരിച്ചതും ഒരു വൃക്കയുമായി; അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോർജ്

kidney anju bobby george

ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോർജ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അഞ്ജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക ചാമ്പ്യൻഷിപ്പുകളിൽ അടക്കം മെഡലുകൾ വാരിക്കൂട്ടിയ താരമാണ് അഞ്ജു. ഈ നേട്ടം ഒരു വൃക്കയുമായി ജീവിച്ചു കൊണ്ടാണെന്ന വെളിപ്പെടുത്തൽ കായികലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ താരങ്ങളിൽ ഒരാളാണ് ഞാൻ. വേദനസംഹാരികൾ പോലും അലർജിയാണ്. ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- അഞ്ജു കുറിച്ചു. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.

ഇതിനു പിന്നാലെ റിജിജു അഞ്ജുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി മെഡൽ നേടിയ താരമെന്ന നിലയിൽ ഏറെ അഭിമാനമുണ്ടെന്ന് കുറിച്ച അദ്ദേഹം കഠിന പ്രയത്‌നത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് അഞ്ജുവിന്റെ നേട്ടങ്ങളെന്നും ട്വീറ്റ് ചെയ്തു. അഞ്ജുവിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു റിജിജുവിൻ്റെ പ്രതികരണം.

ജനിച്ചപ്പോൾ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്കൂൾ, കോളജ് തലങ്ങളിൽ മത്സരിക്കുമ്പോഴൊന്നും ഇത് അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്കാനിംഗിലാണ് ഈ വിവരം അറിയുന്നത്.

ലോംഗ് ജമ്പ് താരമായിരുന്ന അഞ്ജു 2003ലെ വെങ്കലനേട്ടത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് കുറിച്ചിരുന്നു. ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഒരേയൊരു മെഡലും ഇതാണ്. ലോക അത്‌ലറ്റിക്സ് ഫൈനലിൽ സ്വർണ്ണമെഡലും നേടിയിട്ടുണ്ട്. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് തുടങ്ങി ഒട്ടേറെ ചാമ്പ്യൻഷിപ്പിൽ അഞ്ജു രാജ്യത്തിനായി മെഡലണിഞ്ഞിട്ടുണ്ട്. അർജുന, രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരങ്ങൾ നേടി രാജ്യം ആദരിച്ചു.

Story Highlights i had one kidney says anju bobby george

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top