ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (22-12-2020)

അഭയ കേസ്; നിരപരാധിയാണെന്ന് ഫാ. തോമസ് എം. കോട്ടൂര്‍

അഭയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി ഫാ. തോമസ് എം. കോട്ടൂര്‍. സിബിഐ കോടതി കുറ്റക്കാരാണെന്ന് വിധിച്ചശേഷം ആരോഗ്യപരിശോധനകള്‍ക്കായി എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാ. തോമസ് എം. കോട്ടൂര്‍. കോടതി വിധിയില്‍ ഒന്നും പറയാനില്ല. ദൈവം കൂടെയുണ്ട്. കുറ്റം ചെയ്തിട്ടില്ല. നിരപരാധിയാണ്. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫാ. തോമസ് എം. കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഭയ കേസ്; ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍; ശിക്ഷാവിധി നാളെ

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

അഭയ കേസ്; പ്രതികള്‍ കോടതിയിലെത്തി

സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ കോടതിയിലെത്തി. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കോടതിയില്‍ എത്തിയത്. രാവിലെ 10.20 ഓടെയാണ് ഇവര്‍ കോടതിയിലേക്ക് എത്തിയത്. അഭയ കൊലക്കേസില്‍ 11 മണിയോടെയാണ് വിധി വരിക.

അഭയ കേസ്; നശിപ്പിക്കപ്പെട്ട തെളിവുകളില്‍ പൊലീസിനായി പകര്‍ത്തിയ ചിത്രങ്ങളും

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നശിപ്പിക്കപ്പെട്ട തെളിവുകളില്‍ പൊലീസിനായി ആദ്യഘട്ടത്തില്‍ പകര്‍ത്തിയ ചിത്രങ്ങളും ഉള്‍പ്പെടുന്നു. പത്ത് ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയതില്‍ അഭയയുടെ കഴുത്തിലെ മുറിവുകള്‍ വ്യക്തമായിരുന്നു. ഇതില്‍ നാല് ഫോട്ടോകള്‍ സിബിഐയ്ക്ക് ലഭിച്ചില്ല. പൊലീസിനായി ഫോട്ടോ ചിത്രീകരിച്ചത് വര്‍ഗീസ് ചാക്കോയാണ്.

മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു; ക്രൈംബ്രാഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി

അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച ഡിഎന്‍എ, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പാലക്കാട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. കേസിലെ മജിസ്റ്റീരിയല്‍ അന്വേഷണ ചുമതല കളക്ടര്‍ക്കാണ്.

സിസ്റ്റര്‍ അഭയ കേസ്; പ്രതികള്‍ നര്‍കോ അനാലിസിസ് നടക്കാതിരിക്കാന്‍ ശ്രമം നടത്തിയെന്ന് പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാല്‍

സിസ്റ്റര്‍ അഭയ കേസില്‍ നര്‍കോ അനാലിസിസ് പരിശോധന നടക്കാതിരിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നെന്ന് പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാല്‍. പരിശോധന നടത്തിയാല്‍ സത്യം പുറത്ത് വരുമെന്ന ഭയം പ്രതികള്‍ക്ക് ഉണ്ടായിരുന്നു. കേസില്‍ സഹായത്തിനായി പ്രതികള്‍ തന്നെ സമീപിച്ചിരുന്നെന്നും കളര്‍കോട് വേണുഗോപാല്‍ പറഞ്ഞു.

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി ഇന്ന്

ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.

കൊച്ചിയില്‍ നടിയെ ഉപദ്രവിച്ച സംഭവം: പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

കൊച്ചിയിലെ മാളില്‍ നടിയെ ഉപദ്രവിച്ച സംഭവത്തില്‍ പ്രതികള്‍ ഇന്ന് എറണാകുളം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന്‍ നിര്‍ത്തിയാകും ജാമ്യാപേക്ഷ. നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടും.

കര്‍ഷക പ്രക്ഷോഭം: മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്. റോഡ് മാര്‍ഗമാണ് കര്‍ഷകര്‍ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്നത്. ഡല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ടോടെയാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മൂവായിരത്തില്‍പ്പരം കര്‍ഷകര്‍ പുറപ്പെട്ടത്. നാസിക്കില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ചാന്ദ്വാഡയില്‍ കര്‍ഷകര്‍ രാത്രിയില്‍ തങ്ങി. ഇന്ന് ചാന്ദ്വാഡയില്‍ നിന്ന് ഏഴായിരം കര്‍ഷകര്‍ കൂടി യാത്രയില്‍ അണിചേരും.

Story Highlights – todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top