ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (08-01-2021)

കൊവിഡ് വാക്‌സിന്‍; സംസ്ഥാനത്ത് രണ്ടാംഘട്ട ഡ്രൈ റണ്ണും പൂര്‍ത്തിയായി

കൊവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെയായിരുന്നു ഡ്രൈ റണ്‍. ആദ്യഘട്ടത്തിലുണ്ടായ ചെറിയ പോരായ്മകള്‍ പരിഹരിക്കാനായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.വാക്‌സിന്‍ എപ്പോള്‍ എത്തിയാലും കേരളം കൊവിഡ് വാക്‌സിനേഷന് സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് നയപ്രഖ്യാപനം

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വിമര്‍ശനം. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് തടയിടാന്‍ ശ്രമമുണ്ടായി. കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ പറഞ്ഞു.

കാര്‍ഷിക നിയമഭേദഗതിക്കെതിരായ ഭാഗം നയപ്രഖ്യാപനത്തില്‍ വായിച്ച് ഗവര്‍ണര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരായ ഭാഗം നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്. കര്‍ഷക സമരം കേരളത്തെയും ബാധിക്കും. നിയമം കോര്‍പറേറ്റുകളെ സഹായിക്കാനുള്ളതാണ്. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് സ്ഥിരം സഹായ പദ്ധതി സംസ്ഥാനം ഒരുക്കും. സുഭിക്ഷ കേരളം പദ്ധതിക്ക് പുതിയ മുഖം നല്‍കും. സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ കര്‍ഷക സഞ്ചയിക പദ്ധതി നടപ്പിലാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഡോളര്‍ കടത്തില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജിവച്ച് സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളം, സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്, തുടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരിക്കുന്നത്.

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി; ​ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രം​ഗത്തെത്തിയ പ്രതിപക്ഷ അം​ഗങ്ങൾ സഭ ബഹിഷ്കരിച്ചു.

ജോസ് കെ. മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജോസ് കെ. മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എമ്മിലെ നേതാക്കളും അണികളും രംഗത്ത്. പാലായേക്കാള്‍ പ്രധാനം കടുത്തുരുത്തിയാണെന്നാണ് പ്രധാന നേതാക്കളുടെ അഭിപ്രായം. കടുത്തുരുത്തിയില്‍ ജോസ് കെ. മാണി എത്തിയാല്‍ വന്‍ ഭൂരിപക്ഷം നേടാനാകുമെന്ന് മുന്‍ എംഎല്‍എ പി.എം. മാത്യു പറഞ്ഞു. കെ.എം. മാണിയുടെ ഔദാര്യം കൊണ്ടുമാത്രമാണ് മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ ജയിച്ചതെന്നും ക്രൈസ്തവ സഭകളുടെ പിന്തുണ ജോസിനാണെന്നും പി.എം. മാത്യു ട്വന്റിഫോറിനോട് പറഞ്ഞു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ഡല്‍ഹി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്‌സിന്‍ എത്തിക്കും. തുടര്‍ന്ന് രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്‌സിനുകള്‍ മാറ്റും.

കൊവിഡ് വാക്‌സിന്‍; സംസ്ഥാനത്ത് ഇന്ന് രണ്ടാംഘട്ട ഡ്രൈറണ്‍

കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രണ്ടാം ഘട്ട ഡ്രൈറണ്‍. പതിനാല് ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ജില്ലകളില്‍ ഒരുമെഡിക്കല്‍ കോളജ്/ജില്ലാ ആശുപത്രി / താലൂക്ക് ആശുപത്രി, ഒരു സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ മേഖലയിലെ ഒരുആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്.

കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന്

കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമൊഴികെ മറ്റ് എന്ത് നിര്‍ദേശവും പരിഗണിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

Story Highlights – todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top