ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (15-01-2021)
കൊവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്നതാകും ബജറ്റ്: ധനമന്ത്രി
കൊവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്നതാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ക്ഷേമ പദ്ധതികള്‍ ഉറപ്പാക്കാന്‍ സാധിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിച്ചു. സംസ്ഥാനത്തിന് ഇനി കൊവിഡ് തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. പുതിയ തൊഴിലുണ്ടാകണം. തൊഴില്‍ അവസരം ഉണ്ടാകണം അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. അഞ്ച് വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കാനാകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുക. സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകും. അതിനായുള്ള അജണ്ട ബജറ്റ് മുന്നോട്ടുവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
കൊവിഡ് തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. തെരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ വാഗ്ദാനപ്പെരുമഴയുള്ള ബജറ്റായിരിക്കും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിക്കുക. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പദ്ധതികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വാഗ്ദാനങ്ങളാവും ബജറ്റിലുണ്ടാകുക.
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച ഇന്ന്
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. അതേസമയം, സുപ്രിംകോടതി രൂപീകരിച്ച സമിതിയുടെ ആദ്യ സിറ്റിംഗ് ഈ മാസം പത്തൊന്‍പതിന് നടക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധവും രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. ഈമാസം അവസാനം ഡല്‍ഹിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് കാണിച്ച് ഗാന്ധിയന്‍ അന്നാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തില്‍ നിന്ന് പുറപ്പെട്ട അഞ്ഞൂറ് കര്‍ഷകരുടെ ആദ്യസംഘം ഇന്ന് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തും.
കോതമംഗലം പള്ളി ഏറ്റെടുക്കല്‍; സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
കോതമംഗലം പള്ളി ഏറ്റെടുക്കല്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിന്മേല്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. ഉത്തരവ് നടപ്പാക്കുന്നത് കഴിഞ്ഞയാഴ്ച ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ മുതല്‍
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍. കുത്തിവയ്പ്പിനായി 133വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമായി.ആദ്യദിനമായ നാളെ 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. സംസ്ഥാനത്തെത്തിയ4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകളിലെത്തിച്ചു. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട വാക്‌സിന്‍ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ജില്ലാ വെയര്‍ഹൗസുകളിലേക്ക് മാറ്റിയത്.
Story Highlights – todays headlines 15-01-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here