Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (25-01-2021)

January 25, 2021
Google News 1 minute Read

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും; കെ. സുരേന്ദ്രന്‍ നയിക്കും

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന് ആരംഭിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന സമിതി യോഗം ഈ മാസം 29 ന് തൃശൂരില്‍ ചേരും.

എന്‍സിപിയില്‍ സമവായ ശ്രമവുമായി ദേശീയ അധ്യക്ഷന്‍; സംസ്ഥാന നേതൃത്വത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നതിനിടെ എന്‍സിപിയില്‍ സമവായ ശ്രമവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സംസ്ഥാന നേതൃത്വത്തെ ശരദ് പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എ.കെ. ശശീന്ദ്രനും മാണി സി. കാപ്പനും ടി.പി. പീതാംബരനും ഫെബ്രുവരി ഒന്നിന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.

ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ചു

കളമശേരിയില്‍ ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തില്‍ ഒരാള്‍ തൂങ്ങിമരിച്ചു. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പില്‍ നിഖില്‍ പോള്‍ ആണ് മരിച്ചത്. രാവിലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുറ്റം ചെയ്തിട്ടില്ലെന്ന് പൂര്‍ണവിശ്വാസം; സിബിഐയെ പേടിയില്ല: ഉമ്മന്‍ചാണ്ടി

സോളാര്‍ കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി വരുന്നതാണ്. ഏത് അന്വേഷണത്തോടും സഹകരിക്കും. കുറ്റം ചെയ്തിട്ടില്ലെന്ന് പൂര്‍ണവിശ്വാസമുണ്ട്. അതിനാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. കേസുകളെല്ലാം കരുതിക്കൂട്ടിയുള്ളതാണ്. ഗൂഢ ലക്ഷ്യങ്ങളോടെയാണ് കേസ് എടുത്തിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ട് യാതൊന്നു ചെയ്യാനാകാതെ പോയ കേസാണ് സോളാര്‍ കേസ്. ഞങ്ങള്‍ക്ക് ഏതായാലും സിബിഐയെ പേടിയില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച ഈ ആഴ്ച്ച ആരംഭിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ആരംഭിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ചര്‍ച്ച നടക്കുക. പി. ജെ. ജോസഫ് വിഭാഗവുമായിട്ടാണ് ആദ്യത്തെ ചര്‍ച്ച. മുസ്ലീംലീഗിന് രണ്ട് സീറ്റ് അധികം നല്‍കുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ സഹോദരി അമ്പിളി ജേക്കബ് മത്സരിക്കുന്ന കാര്യം ഇത് വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി. തെരെഞ്ഞടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വരുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ്; 15 സീറ്റുകള്‍ വേണമെന്ന അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം

നിയമസഭ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ വേണമെന്ന അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകള്‍ ഇത്തവണയും വേണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഇക്കാര്യം യുഡിഎഫില്‍ ആവശ്യപ്പെടും. സീറ്റ് വച്ചുമാറുന്ന കാര്യം ചര്‍ച്ചയായിട്ടില്ല. കടുത്തുരുത്തിയില്‍ ജോസ് കെ. മാണിയല്ല ആര് വന്നാലും പ്രശ്‌നമില്ലെന്ന് മോന്‍സ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫ്

എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫും. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പിന്നാലെയാകും ക്യാമ്പയിന്‍ ആരംഭിക്കുക. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയ യുഡിഎഫ് ഈ മാസം 31 ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. യാത്രക്കപ്പുറം പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് യുഡിഎഫും തയാറെടുക്കുന്നത്.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ചരിത്ര സംഭവമാക്കാന്‍ കര്‍ഷക സംഘടനകള്‍

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ചരിത്ര സംഭവമാക്കാന്‍ കര്‍ഷക സംഘടനകള്‍. ഡല്‍ഹി പിടിച്ചെടുക്കുകയല്ല, ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ട്രാക്ടര്‍ പരേഡില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് കൈമാറി. അതേസമയം, ട്രാക്ടര്‍ റാലിക്ക് നേരെ ആക്രമണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി. ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അറുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ; ഭരണഘടന ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരായ റിട്ട് ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, ഷീല കൃഷ്ണന്‍കുട്ടി, ജെസി മോള്‍ ജോസ് എന്നിവരുടെ ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിക്കുക. കേസില്‍ തമിഴ്‌നാടും കേരളവും ഇതിനകം മറുപടി സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. കാലഹരണപ്പെട്ട ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളാണ് മുല്ലപ്പെരിയാറിലെത് എന്ന് ചൂണ്ടിക്കാട്ടുന്നതാണ് കേരളത്തിന്റെ സത്യവാങ് മൂലം.

വടക്കാഞ്ചേരി ലൈഫ് മിഷന്‍; സിബിഐ അന്വേഷണം തുടരാമെന്ന വിധിക്കെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ഇന്ന് കേസ് കേള്‍ക്കുക. എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് കേരളത്തിന്റെ വാദം.

കോണ്‍ഗ്രസും മുസ്ലീംലീഗുമായുള്ള സഖ്യത്തെ വിമര്‍ശിച്ച് അമിത് ഷാ

കോണ്‍ഗ്രസും മുസ്ലീംലീഗുമായുള്ള സഖ്യത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ പൊതുപരിപാടിയിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ മുസ്ലീംലീഗുമായാണ് സഖ്യം. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായും അമിത് ഷാ വിമര്‍ശിച്ചു.

Story Highlights – todays headlines 25-01-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here