Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (28-01-2021)

January 28, 2021
Google News 1 minute Read

യൂത്ത്‌ലീഗില്‍ നിന്ന് ഇത്തവണ ആറ് പേര്‍ നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയേക്കും

യൂത്ത് ലീഗില്‍ നിന്ന് ഇത്തവണ ആറ് പേരെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ മുസ്ലീംലീഗ് ആലോചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടായേക്കും. ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുസ്ലീംലീഗ് യൂത്ത് ലീഗിന് നിര്‍ദേശം നല്‍കി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരിട്ടെത്തി മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.

പിണറായി വിജയനെതിരെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍

പിണറായി വിജയനെതിരെധര്‍മടം മണ്ഡലത്തില്‍ഇത്തവണ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. പിണറായിക്കെതിരെ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. മമ്പറം ദിവാകരനെ കൂത്തുപറമ്പില്‍ മത്സരിപ്പിച്ചേക്കും.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കൊവിഡ് അവലോകന യോഗത്തിന്റെ വിലയിരുത്തല്‍.

നാല്‍പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

നാല്‍പത്തിയെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് വിരാമമിട്ട് ആലപ്പുഴ ബൈപാസ് ഇന്ന് ജനങ്ങള്‍ക്കായി തുറന്ന് നല്‍കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. ബൈപാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

ലൈഫ് പദ്ധതി; രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. വട്ടിയൂര്‍ക്കാവിനു സമീപം പാപ്പാട് സ്വദേശി പ്രഭയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍

ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍. പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങളെന്ന് സംയുക്ത കിസാന്‍ മുക്തി മോര്‍ച്ച ആരോപിച്ചു.

വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഉച്ചകോടി ഇന്ന് നടക്കും

കൊവിഡ് പശ്ചാത്തലത്തില്‍ ഏറെ നിര്‍ണായകമായ വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഉച്ചകോടി ഇന്ന് നടക്കും. ദാവേസില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകും പങ്കെടുക്കുന്നത്. ലോകത്തിലെ എല്ലാ സുപ്രധാന ഐടി, വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെയും സിഇഒമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ ഫെബ്രുവരി 28 വരെ നീട്ടി

കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 28 വരെ നീട്ടി. രണ്ട് പ്രധാന ഇളവുകളാണ് പുതിയ മാര്‍ഗരേഖയിലുള്ളത്. സിനിമാ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇളവുകള്‍.

Story Highlights – todays headlines 28-01-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here