ഇന്ധനവില വര്‍ധനവ്; നികുതി കുറയ്ക്കാനാകില്ലെന്ന് കേന്ദ്രം; കുറവ് വരുത്തി സംസ്ഥാനങ്ങള്‍

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ നികുതികളില്‍ കുറവ് വരുത്തി സംസ്ഥാനങ്ങള്‍. ഇന്ധന വില ഉയരുന്ന വിഷയത്തില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ച സാഹചര്യത്തിലാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടി. നാല് സംസ്ഥാന സര്‍ക്കാരുകള്‍ നികുതികള്‍ കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ ഈ ആഴ്ച ഇളവ് പ്രഖ്യാപിക്കും എന്നാണ് വിവരം. അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. കേന്ദ്രം നിലപാട് കടുപ്പിക്കുമ്പോള്‍ ഒരോ ദിനവും ഇന്ധന വില മൂന്നക്കം ലക്ഷ്യമാക്കി കുതിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നികുതി കുറയ്ക്കാനുള്ള വിവിധ സംസ്ഥാനങ്ങളുടെ നടപടി. പശ്ചിമ ബംഗാള്‍, അസം, മേഘാലയ, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ ഇതിനകം ഇന്ധന നികുതിയില്‍ കുറവ് വരുത്തി. ഇന്നലെ ഒരു രൂപയുടെ കുറവാണ് പെട്രോളിനും ഡിസലിനും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനിലും വിലവര്‍ധനയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി 38 ല്‍ നിന്ന് 36 ആയി താഴ്ത്തി. തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന അസമില്‍ ബിജെപി സര്‍ക്കാര്‍ അഞ്ച് രൂപയാണ് നികുതി കുറച്ചത്. കൊവിഡിനെ നേരിടാന്‍ എര്‍പ്പെടുത്തിയ നികുതി പൂര്‍ണമായും ഒഴിവാക്കി. ഇന്ധന വിലയിലെ ഏറ്റവും കൂടുതല്‍ നികുതി ഉപേക്ഷിച്ചത് മേഘാലയയിലാണ്. പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഏഴ് രൂപ നികുതി കുറച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്ന കാര്യം ഈ ആഴ്ച പ്രഖ്യാപിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുടെ പട്ടികയില്‍ എന്നാല്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല.
Story Highlights – Fuel price hike; Center says tax cannot be reduced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here