ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (23-02-2021)
അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക
അതിര്‍ത്തിയിലെ യാത്രാ നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ അതിര്‍ത്തികളിലെ പരിശോധനയും ഒഴിവാക്കി. കര്‍ണാടകത്തിന്റെ തീരുമാനത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. കര്‍ണാട അതിര്‍ത്തി അടച്ച പ്രശ്‌നം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ കസ്റ്റഡിയില്‍
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയെ വീട് കാണിച്ചുകൊടുത്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചുവെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പീറ്ററിനെ കസ്റ്റഡിയിലെടുത്തത്.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പങ്കെടുക്കാത്തത് ക്ഷണിക്കാത്തതിനാലാണ്. തെരഞ്ഞെടുപ്പില്‍ തന്റെ പങ്ക് നേതൃത്വം പ്രതീക്ഷിക്കുന്നില്ലെന്നും പി.പി. മുകുന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; കൊച്ചിയില്‍ പെട്രോളിന് 91 രൂപ പിന്നിട്ടു
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 9 പൈസയായി. ഡീസലിന് ലിറ്ററിന് 85 രൂപ 76 പൈസയായി.
കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു
കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്വങ്ങള്‍ ഉന്നയിച്ച് ടിഡിഎഫും ബിഎംഎസുമാണ് പണിമുടക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങും. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.
ടൂള്‍കിറ്റ് കേസ്; ദിഷ രവിയുടെ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍
ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പൊലീസിനും ദിഷ രവിക്കും ഇന്ന് നിര്‍ണായക ദിനം. കുറ്റാരോപിതയായ ദിഷ രവിയുടെ ജാമ്യ ഹര്‍ജി ഇന്ന് പട്യാല ഹൗസ് കോടതി തിര്‍പ്പാക്കും. ഡല്‍ഹി പൊലീസ് ടൂള്‍കിറ്റ് കേസില്‍ ഇരുട്ടില്‍ തപ്പുകയാണോ എന്ന് സംശയം ഉണ്ടെന്ന് സൂചിപ്പിക്കും വിധമായിരുന്നു പട്യാല ഹൗസ് കോടതി ദിഷയുടെ ജാമ്യ ഹര്‍ജി അവസാനം പരിഗണിച്ചപ്പോള്‍ പ്രതികരിച്ചത്.
ലാവ്‌ലിന്‍ കേസില്‍ ഇന്ന് നിര്‍ണായക വാദം തുടങ്ങും
മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായ ലാവ്‌ലിന്‍ കേസില്‍ ഇന്ന് നിര്‍ണായക വാദം തുടങ്ങും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം. ഇന്ന് കേസില്‍ വാദത്തിന് തയാറാണെന്ന് സിബിഐ സുപ്രിംകോടതിയില്‍ വ്യക്തമാക്കും.
Story Highlights – todays headlines 23-02-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here