ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (01-03-2021)
ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ അധോലോക ഇടപാട് നടന്നെന്ന് സിബിഐ സുപ്രിംകോടതിയില്‍
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതിയില്‍ മറുപടി ഫയല്‍ ചെയ്ത് സിബിഐ. വലിയ വീഴ്ചകള്‍ ലൈഫ് ഇടപാടില്‍ നടന്നെന്ന് സിബിഐ അറിയിച്ചു. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടി പങ്കെടുത്ത അധോലോക ഇടപാട് നടന്നെന്നാണ് സിബിഐയുടെ വാദം.
കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരെ പോസ്റ്ററുകള്‍
കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന്‍ പീറ്ററിനും എതിരെ പോസ്റ്ററുകള്‍. കോന്നിയില്‍ റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. റോബിന്‍ ആറ്റിങ്ങല്‍ എംപിയുടെ ബിനാമിയാണെന്നും പോസ്റ്ററുകളില്‍ പറയുന്നു. കോണ്‍ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
എറണാകുളം പറവൂരില്‍ ശക്തമായ മത്സരത്തിന് ഒരുങ്ങി സിപിഐഎം; സംസ്ഥാന നേതാക്കളെ രംഗത്തിറക്കും
നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം പറവൂരില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ഒരുങ്ങി സിപിഐഎം. വി.ഡി. സതീശനെതിരെ സംസ്ഥാന നേതാക്കളെ രംഗത്തിറക്കാനാണ് ആലോചന. പി. രാജീവോ എസ്. ശര്‍മയോ പറവൂരില്‍ സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ജില്ലാ നേതൃത്വം പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. പിറവം വിട്ടുകൊടുത്ത് പറവൂര്‍ സിപിഐയില്‍ നിന്ന് ഏറ്റെടുക്കാനാണ് പുതിയ നീക്കം.
നിയമസഭ തെരഞ്ഞെടുപ്പ്: മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്
നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് അധികം വേണമെന്ന് മുസ്ലീംലീഗ്. കൂത്തുപറമ്പ്, ബേപ്പൂര്‍, ചേലക്കര മണ്ഡലങ്ങള്‍ ലീഗിന് വിട്ടുനല്‍കാന്‍ പ്രാഥമിക ധാരണയായി. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും. കൂത്തുപറമ്പില്‍ ലീഗിന്റെ സംസ്ഥാന നേതാക്കള്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാക്കാമെന്ന് കെ. സുധാകരന്‍ എംപി ലീഗ് നേതൃത്വത്തെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് നരേന്ദ്ര മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും എത്ര വേഗതയിലാണ് പ്രവര്‍ത്തിച്ചതെന്നത് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. കൊവിഡ് മുക്തമായ ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവ്
രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി.
രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം
രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുക.
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. സ്‌കൂളുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പരീക്ഷ. രാവിലെ 9.40 നാണ് പരീക്ഷ ആരംഭിക്കുന്നത്. പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 17 നാണ് എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുന്നത്.
ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും
നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ആയുള്ള ഉഭയകക്ഷി ചര്‍ച്ചകളാണ് ഇന്ന് നിര്‍ണായകം. പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാനുള്ള സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്കും ഇന്ന് തുടക്കമാകും.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഓരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശത്തിനെതിരെയാണ് അപ്പീല്‍. കോടതിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നും അന്വേഷണം സങ്കീര്‍ണമാക്കുമെന്നുമാണ് സിബിഐ നിലപാട്.
Story Highlights – todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here