പുതുപ്പള്ളിയില്‍ ശക്തമായ പ്രചാരണവുമായി ഇടതുമുന്നണി; പ്രചാരണം പൂര്‍ത്തിയാക്കി ഉമ്മന്‍ചാണ്ടി

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ ശക്തമായ പ്രചാരണമാണ് ഇത്തവണ ഇടതു മുന്നണി നടത്തുന്നത്. പുതുപ്പള്ളിയിലെ പ്രചാരണം നേരത്തെ പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളില്‍ ഇനി സജീവമാകും. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത റോഡ് ഷോയ്ക്ക് പിന്നാലെ പ്രചാരണത്തില്‍ ബിജെപിയും സജീവമാണ്.

പുതുപ്പളളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അരയും തലയും മുറുക്കിയാണ് ഇടതു മുന്നണിയുടെ പ്രചാരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉണ്ടാക്കിയ മുന്നേറ്റത്തിന്റെ ആത്മവിശ്വസമാണ് ഇടത് ക്യാമ്പിനുളളത്. പുതുപ്പള്ളി മാറി ചിന്തിക്കുമെന്ന വാക്ക് ആവര്‍ത്തിച്ച് ജെയ്ക്ക് സി. തോമസ് പ്രതീക്ഷ പങ്കുവച്ചു.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും പര്യടനം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി. വരും ദിവസങ്ങളില്‍ മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന എന്‍. ഹരിയിലൂടെ പുതുപ്പള്ളിയില്‍ ഇരു മുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയാണ് എന്‍ഡിഎ ലക്ഷ്യം വയ്ക്കുന്നത്. പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിനെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോയാണ് എന്‍ഡിഎ മണ്ഡലത്തില്‍ സംഘടിപ്പിച്ചത്.

Story Highlights: assembly election 2021 kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top