ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (07-04-2021)
പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പുതിയ വായ്പ നയം
പുതിയ സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ പണ-വായ്പ നയം. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തും. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് ഉചിതമല്ലെന്ന് നയരൂപീകരണ സമിതി തീരുമാനിക്കുകയായിരുന്നു. പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന സുപ്രധാന വിലയിരുത്തലും പണനയ രൂപീകരണ സമിതി നടത്തി.
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.
കാട്ടായിക്കോണം സംഘർഷം; ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റിമാൻഡിൽ
കാട്ടായിക്കോണം സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ റിമാൻഡിൽ. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സുർജിത്തിനെയാണ് റിമാൻഡ് ചെയ്തത്. ബൂത്ത് തകർത്തെന്ന ബിജെപി പ്രവർത്തകരുടെ പരാതിയിലായിരുന്നു സുർജിത്തിനെ അറസ്റ്റ് ചെയ്തത്.
സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കും: രമേശ് ചെന്നിത്തല
സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു. സിപിഐഎമ്മിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. പിണറായി അധികാരത്തില്‍ ഏറിയാല്‍ പാര്‍ട്ടി നശിച്ചുപോകുമെന്ന് വിശ്വാസമുള്ള ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിലേക്ക്
സന്ദീപ് നായരുടെ മൊഴിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്ത സംഭവത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇഡിയുടെ അഭിപ്രായം. കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടും.
കണ്ണൂരില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരെ സിപിഐഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ സംഭവത്തിന് പിന്നാലെയാണ് താനൂരില്‍ സംഘര്‍ഷമുണ്ടായതെന്നും ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കാട്ടായിക്കോണം സംഘർഷം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം കാട്ടായിക്കോണത്ത് ഇന്നലെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാട്ടായിക്കോണത്ത് പൊലീസ് കാണിച്ചത് അന്യായമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു.
പാലക്കാട്ട് കോണ്‍ഗ്രസ് വോട്ട് തനിക്ക് ലഭിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചു. മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍ തയാറാകും. പിണറായി വിജയനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകുമെന്നും ഇ. ശ്രീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് അറിയില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
കേരളത്തിലെ കനത്ത പോളിംഗ്; അനുകൂല ഫലമുണ്ടാകുമെന്ന പ്രതീക്ഷയില്‍ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പോളിംഗ് അനുകൂല വിധി ഉണ്ടാകും എന്നതിന്റെ സൂചനയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് വിവിധ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍. കോണ്‍ഗ്രസും, സിപിഐഎമ്മും സംസ്ഥാനത്ത് തങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് കരുതുമ്പോള്‍ അഞ്ച് സീറ്റുകള്‍ വരെ ലഭിക്കും എന്നത് അടക്കമാണ് ബിജെപിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ദിവസങ്ങള്‍ ഇനിയും വൈകും എന്നതിനാല്‍ സംഘടനാപരമായ ഭിന്നതകള്‍ പുറത്ത് വരുന്നതിന് ഈ കാലയളവ് കാരണമാകരുത് എന്നതാണ് വിവിധ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍ സ്വീകരിച്ചിട്ടുള്ള നയം.
കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. മഹാരാഷ്ട്രയില്‍ 55,000 കടന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Story Highlights: todays headlines 07-04-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here