ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (09-04-2021)

മൻസൂറിന്റെ കൊലപാതകം ആസൂത്രിതം; അന്വേഷണം പ്രഹസനമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം പ്രഹസനമാണ്. അന്വേഷണ സംഘത്തെ മാറ്റണം. സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗങ്ങൾ നോക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് മന്ത്രി കെ. കെ ശൈലജ

കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ. നിയന്ത്രണങ്ങൾ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കൽ കോളജുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിനു ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിനു ശേഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. പുതിയ നിയമസഭ നിലവിൽ വരുമ്പോൾ ജനഹിതം കൂടി കണക്കിലെടുക്കേണ്ടി വരും.

മൻസൂർ വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സിപിഐഎം നേതാക്കളുടെ വിശ്വസ്തൻ; അട്ടിമറി ശ്രമമെന്ന് കെ. സുധാകരൻ

കൂത്തുപറമ്പ് മൻസൂർ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കെ. സുധാകരൻ എം. പി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ സിപിഐഎം നേതാക്കളുടെ വിശ്വസ്തനാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും സുധാകരൻ പറഞ്ഞു.

രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്ന് കൊവിഡ് കേസുകൾ; 780 മരണം

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്.

മൻസൂർ വധക്കേസ്; പ്രതി ഷിനോസിന്റെ ഫോണിൽ നിർണായക വിവരങ്ങൾ; ഗൂഢാലോചനയിലും തെളിവ്

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഷിനോസ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഐഎം പ്രവർത്തകന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി വിവരം. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള തെളിവ് ലഭിച്ചതായാണ് സൂചന.

തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

തനിക്കെതിരായ അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി; ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ നിലപാട്. ഇഡിയുടെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അന്വേഷണത്തിൽ കോടതി ഇടപെടരുതെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

മൻസൂർ വധക്കേസ്: ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും

കണ്ണൂർ പാനൂരിലെ മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം തുടങ്ങും. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ തുടങ്ങാൻ യുഡിഎഫ് തീരുമാനിച്ചു. കേസന്വേഷണം ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.

Story Highlights: todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top